അമേരിക്കയിലെ ട്രക്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനുള്ള തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. വിദേശികളായ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിരമിച്ച യുഎസ് സൈനികരെ ഈ മേഖലയിൽ നിയമിക്കാനാണ് ഭരണകൂടത്തിന്റെ പദ്ധതി.
പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്. കുടിയേറ്റക്കാരായ ഡ്രൈവർമാർ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും അദ്ദേഹം ആരോപിച്ചു.
“കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർ റോഡുകളിൽ നിരവധി ആളുകളെ കൊന്നൊടുക്കുകയാണ്. അവർക്ക് റോഡ് ചിഹ്നങ്ങൾ വായിക്കാൻ അറിയില്ല.
പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഇത്തരക്കാർ വലിയ ട്രക്കുകൾ ഓടിക്കാൻ പാടില്ല.
അവരെ മാറ്റി അഭിമാനികളായ അമേരിക്കൻ സൈനികരെ ഞങ്ങൾ അവിടെ നിയമിക്കും. സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള ഏതൊരു അമേരിക്കക്കാരനും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസിന് അർഹതയുണ്ടായിരിക്കും,” ട്രംപ് വ്യക്തമാക്കി.
അനധികൃതമായി രാജ്യത്ത് എത്തിയവരും കൃത്യമായ ലൈസൻസില്ലാത്തവരുമായ ഡ്രൈവർമാർക്കെതിരെ കർശന നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഈ വർഷം മാർച്ച് മാസത്തിൽ മാത്രം നിയമപരമായ രേഖകളുള്ള രണ്ട് ലക്ഷത്തോളം കുടിയേറ്റ ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കിയിരുന്നു.
ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യ പരിശോധനയും പുതിയ ലൈസൻസിങ് നിബന്ധനകളും ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ ട്രക്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ഏകദേശം ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരെ ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.
നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം, ഏകദേശം 1,30,000 നും 1,50,000 നും ഇടയിൽ പഞ്ചാബി-ഹരിയാന സ്വദേശികൾ യുഎസിലെ ട്രക്കിങ് രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഉയർന്ന വരുമാനം ലഭിക്കുന്ന മേഖല എന്ന നിലയിലാണ് മുൻകാലങ്ങളിൽ ധാരാളം ഇന്ത്യക്കാർ ഈ തൊഴിലിലേക്ക് ആകർഷിക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

