പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്. വി ഡി സവർക്കർക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസും ലക്നൗ കോടതി അയച്ച സമൻസുമാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഉത്തർപ്രദേശ് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. 2022-ൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സവർക്കറെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിശേഷിപ്പിച്ചെന്നും വാർത്താസമ്മേളനത്തിൽ ലഘുരേഖ വിതരണം ചെയ്തുവെന്നും കാണിച്ച് ഒരു അഭിഭാഷകനാണ് ലക്നൗ കോടതിയിൽ പരാതി സമർപ്പിച്ചത്. തുടർന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് 2024 നവംബറിൽ ലക്നൗ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. കേസ് പരിഗണിച്ച ബെഞ്ച് രാഹുൽ ഗാന്ധിക്കെതിരെ ചില നിരീക്ഷണങ്ങളും നടത്തിയിരുന്നു.
ചരിത്രപരമായ പശ്ചാത്തലം പൂർണ്ണമായി മനസ്സിലാക്കാതെ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കോടതി താക്കീത് നൽകി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സവർക്കറെ പ്രശംസിച്ച് കത്തെഴുതിയത് അറിയാമോയെന്നും കോടതി ആരാഞ്ഞു.
വൈസ്രോയിക്ക് കത്തയക്കുമ്പോൾ മഹാത്മാഗാന്ധിയും വിശ്വസ്തസേവകൻ എന്ന് ഒപ്പിട്ടിട്ടുണ്ടെന്നും, അതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷ് സേവകൻ എന്ന് വിളിക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട
ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. പ്രസ്താവന ആവർത്തിക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

