2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് എല്‍ മത്സരത്തില്‍ പനാമയെ പരാജയപ്പെടുത്തി ഘാന വിജയത്തുടക്കം കുറിച്ചു. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന വിജയിച്ചത്.
മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ അവസാന നിമിഷത്തില്‍, 95-ാം മിനിറ്റില്‍ കലെബ് യിറെങ്കി നേടിയ ഗോളാണ് ഘാനയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്. പുതിയ പരിശീലകന് കാര്‍ലോസ് ക്വിറോസിന് കീഴില്‍ ലോകകപ്പ് വേദിയിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടാനായത് ഘാനയ്ക്ക് വലിയ ആത്മവിശ്വാസം നല്കുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ പനാമയാണ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയത്. രണ്ടാം മിനിറ്റില്‍ പനാമ താരം സിസിലിയോ വാട്ടര്‍മാന്‍ തൊടുത്ത ഹാഫ് വോളി, ഘാന ഗോള്‍കീപ്പര്‍ ലോറന്‍സ് അതി സിഗി തട്ടിയകറ്റി.
തുടര്‍ന്നും പനാമ ഘാനയുടെ പ്രതിരോധനിരയെ സമ്മര്‍ദ്ദത്തിലാക്കി. 38-ാം മിനിറ്റില്‍ സിസാര്‍ റാമോസ് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയത് പനാമയ്ക്ക് തിരിച്ചടിയായി.
ആദ്യ പകുതിയില്‍ അന്റോയിന്‍ സെമെന്യോ, ജോര്‍ദാന്‍ അയൂവ് എന്നിവര്‍ക്ക് ഘാനയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചെങ്കിലും പനാമയുടെ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതി 0-0 എന്ന നിലയിലാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ ഘാനയുടെ ഗോള്‍കീപ്പര്‍ ലോറന്‍സ് അതി സിഗിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബെഞ്ചമിന്‍ അസാരെ പകരക്കാരനായി എത്തി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ, പകരക്കാരനായി ഇറങ്ങിയ ബ്രാന്‍ഡന്‍ തോമസ്-അസാന്തെ നടത്തിയ മുന്നേറ്റമാണ് വിജയത്തിന് വഴിതുറന്നത്.
ഇടതുവശത്തുനിന്നും ബോക്സിലേക്ക് അദ്ദേഹം നല്കിയ കൃത്യതയാര്‍ന്ന ക്രോസ്, കലെബ് യിറെങ്കി അനായാസം വലയിലാക്കുകയായിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പ് എല്‍-ല്‍ ഘാന മൂന്ന് പോയിന്റുമായി ഇംഗ്ലണ്ടിനൊപ്പം മുന്നിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

