കാലടി പാലത്തിന്റെ തകർന്ന അവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരത്തെത്തുടർന്ന് യാത്രക്കാർ വലഞ്ഞു. പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി ബസുകൾ ട്രിപ്പുകൾ അവസാനിപ്പിച്ചതോടെ, ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ യാത്രക്കാർ ഏറെ കഷ്ടപ്പെട്ടു.
വയോജനങ്ങളും, ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്നവരും, കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവരുമാണ് സമരത്തെത്തുടർന്ന് വലിയ ദുരിതം നേരിട്ടത്. കൂടാതെ, സ്കൂൾ വിദ്യാർത്ഥികൾക്കും വിവിധ ജോലികൾക്ക് പോകുന്നവർക്കും കൃത്യസമയത്ത് സ്ഥാപനങ്ങളിൽ എത്തിച്ചേരാൻ സാധിച്ചില്ല.
രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്ത് പാലത്തിന്റെ നടപ്പാതകളിൽ യാത്രക്കാരുടെ വലിയ നിര തന്നെ അനുഭവപ്പെട്ടു. ഈ സമയത്തുണ്ടായ മഴയും ജനങ്ങളുടെ ദുരവസ്ഥ ഇരട്ടിയാക്കി.
പെരുമ്പാവൂർ ഭാഗത്തുനിന്നുള്ള ബസുകൾ അപ്രോച്ച് റോഡ് ഇറങ്ങുമ്പോൾ തന്നെ പാർക്ക് ചെയ്തപ്പോൾ, അങ്കമാലി ഭാഗത്തേക്കുള്ളവ ടൗണിന്റെ അറ്റത്ത് ബസ് സ്റ്റാൻഡിന് മുന്നിലാണ് ഒതുക്കിയത്. ഇതുമൂലം അങ്കമാലി ഭാഗത്തേക്ക് പോകേണ്ടിയിരുന്നവർ പാലം കടന്ന് ഏറെ ദൂരം നടക്കേണ്ടി വന്നു.
മിനിയാന്ന് വൈകിട്ടാണ് പെട്ടെന്ന് ബസ് ജീവനക്കാർ സമരം പ്രഖ്യാപിച്ചത് എന്നതിനാൽ ഭൂരിഭാഗം യാത്രക്കാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. പാലത്തിലെ കുഴികൾ അടിയന്തരമായി അടച്ച് സഞ്ചാരയോഗ്യമാക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി.
പാലത്തിലെ വലിയ കുഴികൾ കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് ജീവനക്കാരിൽ ശാരീരികവും മാനസികവുമായ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.
കൃത്യസമയത്ത് വാഹനം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയാത്തതിനാൽ പല ട്രിപ്പുകളും റദ്ദാക്കേണ്ടി വരികയോ വഴിയിൽ അവസാനിപ്പിക്കേണ്ടി വരികയോ ചെയ്യുകയാണെന്ന് അവർ പറഞ്ഞു. ഇതുമൂലം യാത്രക്കാരുമായി നിരന്തരം വാക്കുതർക്കങ്ങൾ ഉണ്ടാകുന്നു.
ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ വാഹനം വേഗത്തിൽ ഓടിച്ചാൽ പോലീസും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പിഴ ചുമത്തുന്ന സ്ഥിതിയുണ്ട്. മറ്റു വാഹനയാത്രക്കാരുടെ അസഭ്യവർഷവും ജീവനക്കാർക്ക് കേൾക്കേണ്ടി വരുന്നുണ്ട്.
ഗതാഗതം വൈകുന്നതും കുലുക്കവും കാരണം പല ജീവനക്കാർക്കും നടുവേദനയും കാൽവേദനയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചതായും ജീവനക്കാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

