തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ചരൽപ്പറമ്പിൽ നിർമാണം പൂർത്തീകരിക്കാത്ത ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം കാടുകയറി നശിച്ച നിലയിൽ. വീടില്ലാത്ത പാവപ്പെട്ടവർക്കായി ഒരു സൗകര്യവുമില്ലാത്ത കുന്നിൻചെരുവിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചവർക്കെതിരെ ആര് നടപടിയെടുക്കുമെന്നതാണു ശരിക്കുള്ള ചോദ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒറ്റപ്പെട്ടൊരു കുന്നിൻ ചെരുവിൽ കാടുകയറിയൊരു പ്രേതഭവനം പോലെയാണ് ഈ ഫ്ലാറ്റ് സമുച്ചയമിപ്പോൾ സ്ഥിതി ചെയ്യുന്നത്. ചുറ്റും പാഴ്മരങ്ങൾ വളർന്നു കെട്ടിടത്തിനൊപ്പം പൊക്കത്തിൽ എത്താറായിരിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി നിർമിച്ച ആരോഗ്യകേന്ദ്രം കാണാൻ പോലും കഴിയാത്ത വിധം കാടുകയറിക്കിടക്കുകയാണെന്നും, അതിന്റെ ചില്ലുകൾ വരെ മോഷണം പോയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 140 ഫ്ലാറ്റുകൾ നിർമിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
റെഡ് ക്രസന്റ് ഇതിനായി നൽകിയ 20 കോടി രൂപയിൽ 4 കോടി രൂപ കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സ് കമ്മിഷനായി കേസിലെ പ്രതികൾക്കു നൽകുകയായിരുന്നു. 5 കോടി രൂപ ആദ്യം തന്നെ യൂണിടാക് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ ലാഭവിഹിതമായി കൈപ്പറ്റുകയും ചെയ്തു.
ബാക്കിയുള്ള തുകയ്ക്കാണ് ഫ്ലാറ്റ് നിർമാണം തുടങ്ങിയതെങ്കിലും കേസ് വന്നതോടെ പണികൾ പൂർണ്ണമായും മുടങ്ങി. അഴിമതിക്കെതിരെ കേസ് നൽകിയ അന്നത്തെ എംഎൽഎ അനിൽ അക്കരെയാണ് ഫ്ലാറ്റ് നിർമാണം മുടക്കി വീടില്ലാതാക്കിയതെന്ന പ്രചാരണം സിപിഎം ശക്തമാക്കിയിരുന്നു.
മുൻപ് സർക്കാർ അനുവദിച്ച 15 കോടി രൂപ ഉപയോഗിച്ചു ബാക്കി നിർമാണം തുടരാമായിരുന്നെങ്കിലും അതിനു ശ്രമിക്കാതെ രാഷ്ട്രീയ പ്രചാരണങ്ങളിൽ സിപിഎം കേന്ദ്രീകരിച്ചതോടെ പദ്ധതി പൂർണ്ണമായും സ്തംഭിച്ചു. ഏറ്റെടുത്ത സ്ഥലം എൽഡിഎഫ് ഘടകകക്ഷി നേതാവിന്റെ പേരിലുള്ളതായിരുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇടുങ്ങിയ വഴിയിലൂടെ വേണം ഈ ഫ്ലാറ്റിലേക്കു എത്തിച്ചേരാൻ. ചരൽപ്പറമ്പ് ജംക്ഷൻ വരെയാണ് ടാർ ചെയ്ത റോഡുള്ളത്.
അവിടെനിന്ന് ഫ്ലാറ്റ് നിർമിക്കുന്ന സ്ഥലം വരെയുള്ള ഒരു കിലോമീറ്റർ ദൂരം റബർ തോട്ടത്തിനും പൈനാപ്പിൽ തോട്ടത്തിനു നടുവിലൂടെയുള്ള മൺവഴിയിലൂടെ കയറി ചെന്നാൽ വീണ്ടുമൊരു കുത്തിറക്കമുണ്ട്. അതിനു താഴെയാണ് ഈ ഫ്ലാറ്റുകൾ പണിതുയർത്തിയിരിക്കുന്നത്.
2018 ലെ പ്രളയം കാരണം വീട് നഷ്ടപ്പെട്ടവർക്കെന്ന പേരിലാണ് പണി തുടങ്ങിയതെങ്കിലും യഥാർത്ഥ ഗുണഭോക്താക്കളെ ആരെയും തിരഞ്ഞെടുത്തിരുന്നില്ല. ഈ അഴിമതിയുമായി ബന്ധപ്പെട്ട
കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

