സംസ്ഥാനത്ത് ഇന്ന് പുതുതായി 8 പേർക്ക് കൂടി ഷിഗല്ല ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 155 ആയി ഉയർന്നു.
രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലും രോഗബാധ കണ്ടെത്തിയിരിക്കുകയാണ്.
നാലും ഒൻപതും വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
രോഗബാധിതരായ കുട്ടികളിൽ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
കൂടാതെ, കോഴിക്കോട് വടകര കുറുമ്പയിൽ സ്വദേശിയായ 4 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ഒരു ഹൈപ്പവർ കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
ആരോഗ്യ രംഗത്തെ വിദഗ്ധർ, ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്നതായിരിക്കും ഈ കമ്മിറ്റി. നിലവിൽ ഷിഗല്ലയ്ക്ക് പുറമെ മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളും ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
മലേറിയ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ജാഗ്രത വർധിപ്പിച്ചു. നിപ്പ ഭീതിയും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിവിധ തരം പനികൾ ബാധിച്ച് പ്രതിദിനം ഏകദേശം 13,000-ത്തോളം പേരാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്.
സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

