ഓണാഘോഷങ്ങളുടെ ഭാഗമായി നിറക്കൂട്ടായ പൂക്കളങ്ങൾ ഒരുക്കാൻ ഇത്തവണ കൂടുതൽ തുക ചെലവഴിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി സംസ്ഥാനത്തെ പൂവിപണി. തോവാള, ഹൊസൂർ, മൈസൂർ, ബെംഗളൂരു തുടങ്ങിയ പ്രമുഖ ഇടങ്ങളിൽ നിന്നാണ് ഇത്തവണയും കേരളത്തിലേക്ക് പൂക്കൾ എത്തുന്നത്.
ആവശ്യക്കാർ വർധിക്കുന്നതിന് അനുസരിച്ച് ഇതര സംസ്ഥാനങ്ങളിലും വില ഉയരുന്ന സ്ഥിതിയുണ്ട്. ഇത് നേരിട്ട് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
വിവിധ ക്ലബ്ബുകളും സംഘടനകളും നാളെ മുതൽ അത്തപ്പൂക്കളമിട്ടുതുടങ്ങാനാണ് തീരുമാനം. കൂടാതെ വിദ്യാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ഈ ആഴ്ചയാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
അതിനാൽ വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് ബുധനാഴ്ചയോടെ പൂവില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പൂക്കളുടെ വില നിലവാരത്തിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്.
തിരുവനന്തപുരത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചാല മാർക്കറ്റിൽ മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 100 രൂപയാണ് വില. റോസ് – 240 രൂപ, വാടാമുല്ല – 300 രൂപ, വെള്ള ജമന്തി – 500 രൂപ, കോഴിപ്പൂവ് – 200 രൂപ, അരളി – 300 രൂപ, വെള്ള അരളി – 400 രൂപ, പിച്ചി – 1200 രൂപ, മുല്ല – 1000 രൂപ എന്നിങ്ങനെയാണ് ഇവിടത്തെ നിരക്കുകൾ.
എന്നാൽ തിരുവനന്തപുരത്ത് 100 രൂപയുള്ള മഞ്ഞ ജമന്തി കോഴിക്കോട്ട് 50 രൂപ മുതൽ ലഭ്യമാണ്. കോഴിക്കോട്ടെ മറ്റ് പൂക്കളുടെ വിലനിലവാരം ഇങ്ങനെയാണ്: റോസ് – 300 രൂപ, വെള്ള ജമന്തി – 400 രൂപ, അരളി – 400 രൂപ, മുല്ല – 2000 രൂപ, പിച്ചി – 1600 രൂപ, വാടാമുല്ല – 100 രൂപ.
പത്തനംതിട്ടയിൽ മഞ്ഞ ജമന്തിക്ക് 180 രൂപ വരെയാണ് വില വരുന്നത്. റോസിന് 400 രൂപയും അരളിക്ക് 450 രൂപയും നൽകേണ്ടി വരുന്നുണ്ട്.
കൂടാതെ മുല്ല – 1000 രൂപ, പിച്ചി – 1000 രൂപ, വെള്ള അരളി – 400 രൂപ, വാടാമുല്ല – 250 രൂപ എന്നിങ്ങനെയാണ് പത്തനംതിട്ടയിലെ നിരക്കുകൾ. ട്രെയിൻ സൗകര്യമുള്ള ജില്ലകളെ അപേക്ഷിച്ച്, മറ്റ് മാർഗ്ഗങ്ങളിലൂടെ പൂക്കളെത്തിക്കേണ്ടി വരുന്ന ഇടങ്ങളിൽ ചെലവ് കൂടുതലായതിനാലാണ് ഈ വില വ്യത്യാസം അനുഭവപ്പെടുന്നത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ തുടങ്ങിയ ചന്തകളിലേക്ക് ആവശ്യമായ പൂക്കൾ പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. മധുര, ശങ്കരൻകോവിൽ ഭാഗങ്ങളിൽ നിന്നാണ് മുല്ലപ്പൂവ് പ്രധാനമായി കൊല്ലത്തേക്ക് കൊണ്ടുവരുന്നത്.
ഇതു കൂടാതെ തോവാള, തെങ്കാശി, ദിണ്ടിഗൽ, നിലക്കോട്ട, പഴനി തുടങ്ങിയ മാർക്കറ്റുകളിൽ നിന്നും ബന്ദിപ്പൂവും മറ്റ് അലങ്കാര പൂക്കളും വൻതോതിൽ ജില്ലയിലേക്ക് എത്തുണ്ട്. വിവാഹ ചടങ്ങുകൾ കൂടി വരുന്ന സാഹചര്യത്തിൽ മുല്ലപ്പൂവിന് വില മൂവായിരത്തോട് അടുക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
മണമില്ലാത്ത ബെംഗളൂരു മുല്ലകളും വിവിധ നിറങ്ങളിലുള്ള അസ്ട്ര പൂക്കളുമാണ് ഇത്തവണ തൃശൂർ നഗരത്തിലെ പ്രധാന ആകർഷണം. സേലത്തു നിന്നുള്ള പൂക്കച്ചവടക്കാർ ബെംഗളൂരുവിൽ നിന്നാണ് ആവശ്യമായ പൂക്കൾ എത്തിക്കുന്നത്.
അതേസമയം മലയാളികളായ കച്ചവടക്കാർ കോയമ്പത്തൂർ പൂ മാർക്കറ്റിനെയും ഹൊസൂരിലെ കർഷകരെയുമാണ് പ്രധാനമായി ആശ്രയിക്കുന്നത്. 100 രൂപയ്ക്ക് എല്ലാ പൂക്കളും ഇടകലർത്തി നൽകുന്ന പൂ കിറ്റുകൾക്കാണ് കൂടുതൽ ആവശ്യക്കാരെന്ന് ശക്തൻ സ്റ്റാൻഡിലെ പൂക്കച്ചവടക്കാരനായ കമറുദ്ദീൻ വ്യക്തമാക്കുന്നു.
മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 100 രൂപയും വാടാമല്ലിക്ക് കിലോയ്ക്ക് 200 രൂപയുമാണ് വില. പിങ്ക്, പർപ്പിൾ, വയലറ്റ് നിറങ്ങളിലെ അസ്ട്ര പൂക്കൾക്ക് വലിയ തോതിൽ ഡിമാൻഡ് വർധിച്ചിട്ടുണ്ട്.
പർപ്പിൾ അസ്ട്രകൾ വാടാമല്ലിക്ക് പകരമായി ഉപയോഗിക്കാൻ സാധിക്കും. വിലയുടെ കാര്യത്തിലും ഇവയ്ക്ക് വാടാമല്ലിയേക്കാൾ 100 രൂപ കുറവുണ്ട്.
ചെറിയ ചുവന്ന റോസാപൂക്കൾ കാൽ കിലോയ്ക്ക് 50 രൂപയാണ് വില. നാടൻ റോസുകളും വിപണിയിൽ ലഭ്യമാണ്.
വരും ദിവസങ്ങളിൽ ആവശ്യക്കാർ വർധിക്കുന്നതനുസരിച്ച് പൂക്കളുടെ വിലയിൽ 50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാമെന്ന് തേക്കിൻകാട് മൈതാനിയിലെ പൂക്കച്ചവടക്കാർ അറിയിക്കുന്നു. ബെംഗളൂരുവിൽ നിന്നുള്ള മുല്ല മൊട്ടുകൾ മുല്ല മാലയായാണ് ഇപ്പോൾ എത്തിച്ചേരുന്നത്.
മണമില്ലാത്തതും വിരിയാത്തതുമായ ഇവ രണ്ടു ദിവസം വരെ കേടുകൂടാതെ പുറത്ത് സൂക്ഷിക്കാൻ സാധിക്കും, മാത്രമല്ല ഫ്രഷായിരിക്കുകയും ചെയ്യും. മുല്ലപ്പൂവിന്റെ ശക്തമായ ഗന്ധം താൽപ്പര്യമില്ലാത്തവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ മികച്ചൊരു ഓപ്ഷൻ കൂടിയാണിത്.
നിലവിൽ ഒരു മുഴം മുല്ലയ്ക്ക് 50 രൂപയാണ് വിപണി വില. ഓണാഘോഷങ്ങൾ പൂർണ്ണ രീതിയിൽ ആരംഭിക്കുന്നതോടെ ഇതിന്റെയും വില ഉയരാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

