നഗരങ്ങളിലെ തിരക്കേറിയ കേന്ദ്രങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലാന്റിപ്പുകൾ നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും വിവിധ അന്വേഷണ വിവരങ്ങളും വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടേക്കാവുന്ന സംശയാസ്പദമായ വ്യക്തികളുടെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുള്ളത്.
പ്രതികളെ ഉടൻ പിടികൂടുക എന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകളും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. രണ്ടോ അതിൽ കൂടുതലോ അംഗങ്ങളുള്ള സംഘമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ളത്.
ജനത്തിരക്കേറിയ പ്രദേശങ്ങൾ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവടങ്ങളിൽ വെച്ച് സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും സൂക്ഷ്മമായി പിന്തുടർന്ന് അവസരം മുതലെടുത്ത് സ്വർണാഭരണങ്ങൾ പൊട്ടിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി. അടുത്തിടെ നടന്ന വിവിധ സംഭവങ്ങൾ പോലീസ് ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കർക്കടക വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലുമായി സമാനമായ രീതിയിൽ കവർച്ചകൾ അരങ്ങേറിയിട്ടുണ്ട്. വാവ് ബലി ദിനത്തിൽ തിരുനെല്ലി ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ വെച്ച് 80 വയസ്സുള്ള വയോധികയുടെ 1.75 പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്.
തുടർന്ന് കഴിഞ്ഞമാസം പതിമൂന്നാം തീയ്യതി (13.08.2026) ഉച്ചയോടെ അമ്പലവയൽ കൊളഗപ്പാറയിൽ നിന്ന് ആയിരംകൊല്ലിയിലേക്കുള്ള ഓട്ടോ യാത്രാവേളയിൽ 71 കാരിയായ വയോധികയുടെ 2 പവൻ മാലയും, 15-ാം തീയതി രാവിലെ കമ്പളക്കാട് ബസിൽ യാത്ര ചെയ്യുകയായിരുന്ന 70 വയസ്സുള്ള വയോധികയുടെ 2 പവൻ തൂക്കം വരുന്ന മാലയും ഇതേ സംഘം കവർച്ച ചെയ്തിട്ടുണ്ട്. പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളിൽ കാണുന്ന വ്യക്തികളെക്കുറിച്ചോ അവരുടെ സാന്നിധ്യത്തെക്കുറിച്ചോ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ എത്രയും പെട്ടെന്ന് പോലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
പൊതുജനങ്ങൾ പൊതുസ്ഥലങ്ങളിൽ ജാഗ്രത പുലർത്തേണ്ടതും ഏതെങ്കിലും വിധത്തിലുള്ള സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കേണ്ടതുമാണ്. ഓണക്കാലത്തോടനുബന്ധിച്ച് തിരക്കേറിയ ഇടങ്ങളിൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട
ചില പ്രധാന നിർദ്ദേശങ്ങൾ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്:
– പൊതുസ്ഥലങ്ങളിലും ജനത്തിരക്കേറിയ മാർക്കറ്റുകളിലും മറ്റും സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
– വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. മൊബൈൽ ഫോൺ, പഴ്സ് എന്നിവ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
– മാസ്ക് ധരിച്ചോ മറ്റോ അസാധാരണമായ രീതിയിൽ ആരെങ്കിലും തങ്ങളെ പിന്തുടരുന്നതായി തോന്നിയാൽ കൂടുതൽ ജാഗ്രത കാണിക്കുക.
– അത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കോ ജനവാസ മേഖലകളിലേക്കോ മാറിനിൽക്കുക.
– സംശയാസ്പദമായ വ്യക്തികളെയോ വാഹനങ്ങളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ പോലീസിൽ വിവരം അറിയിക്കുക.
– എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ 112 എന്ന നമ്പറിൽ വിളിച്ച് പോലീസിന്റെ സഹായം തേടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

