തൃശൂർ നഗരത്തിലേക്ക് ഓണക്കാലത്തെ വരവേൽക്കാനായി ചെണ്ടുമല്ലികളും ജമന്തികളും വ്യാപകമായി എത്തിത്തുടങ്ങി. ഇത്തവണ നഗരത്തിലെ വിപണിയിൽ പ്രധാന താരങ്ങളായി എത്തിയിരിക്കുന്നത് മണമില്ലാത്ത ബാംഗ്ലൂർ മുല്ലകളും വിവിധ നിറങ്ങളിലുള്ള അസ്ട്ര പൂക്കളുമാണ്.
പൂക്കച്ചവടത്തിനായി എത്തിയ തമിഴ്നാട് സ്വദേശികൾ കർണാടകയിൽ നിന്നാണ് പൂക്കൾ എത്തിച്ചിരിക്കുന്നതെങ്കിൽ, മലയാളി വിൽപനക്കാർ പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. സേലത്തു നിന്നുള്ള വ്യാപാരികൾ ബെംഗളൂരുവിൽ നിന്നാണ് പൂക്കളെത്തിക്കുന്നത്.
എന്നാൽ മലയാളികളായ കച്ചവടക്കാർ കോയമ്പത്തൂർ പൂ മാർക്കറ്റിനെയും ഹൊസൂരിലെ കർഷകരെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. 100 രൂപയ്ക്ക് എല്ലാ പൂക്കളും ഇടകലർത്തി നൽകുന്ന പൂ കിറ്റിനാണ് നിലവിൽ കൂടുതൽ ഡിമാൻഡുള്ളതെന്ന് ശക്തൻ സ്റ്റാൻഡിൽ പൂക്കച്ചവടം നടത്തുന്ന കമറുദ്ദീൻ വ്യക്തമാക്കുന്നു.
വിപണിയിലെ നിലവിലെ നിരക്കുകൾ പരിശോധിച്ചാൽ, മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 100 രൂപയാണ് വില. വാടാമല്ലിക്ക് കിലോയ്ക്ക് 200 രൂപയും ഈടാക്കുന്നുണ്ട്.
പിങ്ക്, പർപ്പിൾ, വയലറ്റ് നിറങ്ങളിലുള്ള അസ്ട്ര പൂക്കൾക്ക് വലിയ തോതിലുള്ള ആവശ്യക്കാരുണ്ട്. വാടാമല്ലിക്ക് പകരമായി പർപ്പിൾ അസ്ട്രകൾ ഉപയോഗിക്കാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
മാത്രമല്ല, വാടാമല്ലിയേക്കാൾ 100 രൂപ കുറവാണ് ഇവയ്ക്ക്. ചെറിയ ചുവന്ന റോസാപൂക്കൾ കാൽ കിലോയ്ക്ക് 50 രൂപ നിരത്തിലാണ് വിൽക്കുന്നത്.
ഇതിനുപുറമേ നാടൻ റോസകളും വിപണിയിൽ ലഭ്യമാണ്. വരും ദിവസങ്ങളിൽ പൂക്കൾക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിൽ വിലയിൽ 50 രൂപ വരെ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തേക്കിൻകാട് മൈതാനിയിലെ പൂക്കച്ചവടക്കാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

