ഹോർമുസ് കടലിടുക്കിനെ ചൊല്ലി ഇറാനും യുഎസും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ അമേരിക്കൻ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയായി പുതിയ ഊർജ പ്രതിസന്ധി. ഇറാൻ യുദ്ധാന്തരീക്ഷത്തെ തുടർന്നുണ്ടായ രൂക്ഷമായ ഇന്ധനക്ഷാമം മറികടക്കാൻ രാജ്യത്തിന്റെ കരുതൽ ശേഖരത്തിൽ നിന്ന് വൻതോതിൽ ക്രൂഡോയിൽ പുറത്തെടുത്തിരുന്നു.
ഈ നടപടി യുഎസിന്റെ ഭൂഗർഭ എണ്ണ ടാങ്കുകൾക്ക് സാരമായ കേടുപാടുകൾ വരുത്തിയതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതോടെ ഭാവിയിൽ വീണ്ടുമൊരു പ്രതിസന്ധി ഉണ്ടായാൽ കരുതൽ ശേഖരത്തെ ആശ്രയിക്കാൻ കഴിയുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്.
രാജ്യത്തെ എണ്ണശേഖരം കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ സംഭവവികാസം. യുഎസിന്റെ പെട്രോൾ ശേഖരം 300 ദശലക്ഷം ബാരലിനും താഴെ എത്തിയതായി ഊർജ വകുപ്പ് പുറത്തുവിട്ട
കണക്കുകൾ വ്യക്തമാക്കുന്നു. 1980-കളിൽ ഭൂഗർഭ അറകളിൽ ക്രൂഡോയിൽ സംഭരിക്കാൻ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഈ അവസ്ഥ.
ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ പ്രതിസന്ധി നിയന്ത്രിക്കാൻ ഇതുവരെ 172 ദശലക്ഷം ബാരൽ ക്രൂഡോയിൽ ആണ് അമേരിക്ക വിപണിയിൽ എത്തിച്ചത്. ഇതോടെ മൊത്തത്തിലുള്ള എണ്ണശേഖരത്തിന്റെ അളവ് 243 ദശലക്ഷം ബാരലായി കുറയും.
എന്നാൽ ക്രൂഡോയിലിന്റെ അളവ് 300 ദശലക്ഷം ബാരലിൽ താഴെയാകുന്നത് അവ സൂക്ഷിച്ചിരിക്കുന്ന കൂറ്റൻ ടാങ്കുകളുടെ ഘടനയെത്തന്നെ തകരാറിലാക്കുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. കരുതൽ ശേഖരം 70 ദശലക്ഷം ബാരൽ വരെ കുറഞ്ഞാലും പ്രശ്നമില്ലെന്ന സർക്കാർ വാദം യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് ടെക്സാസ് സർവകലാശാലയിലെ പെട്രോളിയം പ്രഫസറായ സിദ്ദാർഥ് മിശ്ര ചൂണ്ടിക്കാണിക്കുന്നു.
അടിയന്തര സാഹചര്യങ്ങളിൽ എണ്ണ സുഗമമായി പുറത്തേക്ക് പമ്പ് ചെയ്യാൻ 250 മുതൽ 300 ദശലക്ഷം ബാരൽ എണ്ണ ടാങ്കുകളിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, എനർജി വകുപ്പ് വക്താവിന്റെ വിശദീകരണം എണ്ണശേഖരം 70 ദശലക്ഷം ബാരലിലേക്ക് താഴ്ന്നാലും നിലവിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നാണ്.
പുറത്തെടുക്കുന്ന ക്രൂഡോയിലിന് ആനുപാതികമായി ടാങ്കുകളിൽ ജയം നിറയ്ക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ആകെ 713 ദശലക്ഷം ബാരൽ വരെ സംഭരിക്കാൻ ശേഷിയുള്ളതാണ് അമേരിക്കയുടെ ഭൂഗർഭ എണ്ണ ടാങ്കറുകൾ.
ലോകത്തിലെ ഏറ്റവും വലിയ കരുതൽ ശേഖരങ്ങളിൽ ഒന്നായ ഇത് 1975-ലെ അറബ് എണ്ണപ്രതിസന്ധിയെ തുടർന്നാണ് സ്ഥാപിക്കപ്പെട്ടത്. ആഗോള വിപണിയിൽ ക്രൂഡോയിലിന് വിലക്കയറ്റം ഉണ്ടാകുമ്പോൾ ഈ ശേഖരം ഉപയോഗിച്ച് വില പിടിച്ചുനിർത്താൻ അമേരിക്കയ്ക്ക് സാധിച്ചിരുന്നു.
ഇറാൻ യുദ്ധത്തിന് പിന്നാലെ ഹോർമുസ് പാത അടഞ്ഞതിനെ തുടർന്ന് എണ്ണവില കുതിച്ചുയർന്നിരുന്നു. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ സഹകരണത്തോടെ അമേരിക്കയും സഖ്യരാജ്യങ്ങളും കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പുറത്തെടുത്താണ് വില നിയന്ത്രിച്ചത്.
എന്നാൽ നിലവിലെ കരുതൽ ശേഖരക്കുറവ് സംബന്ധിച്ച വാർത്തകൾ വരും ദിവസങ്ങളിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയെ സാരമായി സ്വാധീനിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

