കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുപക്ഷത്തെ മിസൈലുകളെ പ്രതിരോധസേന നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സായുധ സേന ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട
ശക്തമായ സ്ഫോടന ശബ്ദങ്ങൾ, ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും എയർ ഡിഫൻസ് സംവിധാനം ഉപയോഗിച്ച് തകർക്കുന്നതിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സൈനിക വക്താവ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിന്റെ അതിർത്തി പോസ്റ്റുകൾക്കും കടലിലെ എണ്ണ ഖനന പ്ലാറ്റ്ഫോമിനും നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മേഖലയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ബഹ്റൈനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടെ, ജോർദാനിലെ അമേരിക്കൻ താവളങ്ങൾ ആക്രമിച്ച വിവരം ഇറാൻ സ്ഥിരീകരിച്ചു. കൂടാതെ, ഇറാൻ ആക്രമിച്ച യുഎഇ കപ്പലിലെ 21 ജീവനക്കാരെ ഒമാൻ രക്ഷപ്പെടുത്തിയതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഗൾഫ് മേഖലയിലെ വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. വ്യോമപാതകളിൽ കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി മുന്നറിയിപ്പ് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത്, യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമപാതയും ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകളുടെ റൂട്ടുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ വ്യോമയാന മന്ത്രാലയങ്ങൾ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

