ടെഹ്റാൻ: യു.എസ്-ഇറാൻ സംഘർഷാവസ്ഥ നിലനിൽക്കെ, ഇറാൻ തലസ്ഥാനമായ ടെഹ്റാൻ നഗരത്തിന് മുകളിലെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയാകുന്നു. രാത്രി സമയത്ത് ആകാശത്തിലൂടെ സഞ്ചരിക്കുന്ന വർണ്ണവെളിച്ചങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബർ 20-ന് പകർത്തിയതാണെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നഗരത്തിലെ ആസാദെഗാൻ എക്സ്പ്രസ്വേയ്ക്ക് സമീപത്തുനിന്നാണ് ഈ ആകാശക്കാഴ്ച വ്യക്തമായതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ സംഭവത്തിൽ ഇതുവരെ ഇറാൻ സർക്കാരോ സൈനിക വിഭാഗങ്ങളോ ഔദ്യോഗിക പ്രതികരണങ്ങൾക്കൊന്നും മുതിർന്നിട്ടില്ല. ആകാശത്തിലൂടെ പതുക്കെ നീങ്ങുന്ന രീതിയിലാണ് പ്രകാശവെളിച്ചങ്ങൾ ദൃശ്യമായിട്ടുള്ളത്.
ഇവയുടെ കൃത്യമായ വേഗത, വലുപ്പം, ആകാശത്തുള്ള ഉയരം എന്നിവയെക്കുറിച്ച് യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും ലഭ്യമല്ല. നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ, അമേരിക്കയുടെയോ ഇസ്രായേലിന്റെയോ അത്യാധുനിക നിരീക്ഷണ ഡ്രോണുകളാകാം ഇതെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ പ്രാഥമിക നിഗമനം.
ഒട്ടേറെ ഡ്രോണുകൾ കൂട്ടമായി സഞ്ചരിച്ചതാണോ അതോ മറ്റേതെങ്കിലും സാങ്കേതിക ഉപകരണമാണോ എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. കൃത്യം അമ്പത് വർഷങ്ങൾക്ക് മുൻപ്, അതായത് 1976 സെപ്റ്റംബർ 19-നാണ് ടെഹ്റാനിൽ ഇതിന് സമാനമായ രീതിയിൽ പ്രകാശപൂരിതമായ വിചിത്ര വസ്തു പ്രത്യക്ഷപ്പെട്ടിരുന്നു.
അന്ന് ഇറാനിയൻ വ്യോമസേനയുടെ എഫ്-4 പോർവിമാനങ്ങൾ ഈ വസ്തുവിനെ പിന്തുടർന്ന് നിരീക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. തുടർന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ ഡി.ഐ.എ (DIA), എൻ.എസ്.എ (NSA) എന്നിവ ഈ അസാധാരണ സംഭവം വിശദമായി അന്വേഷിക്കുകയും ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.
അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ സൈന്യം കടുത്ത മുന്നറിയിപ്പ് നൽകി തൊട്ടുപിന്നാലെയാണ് ടെഹ്റാനിൽ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, നിലവിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും, അവ സാധാരണ വിമാനങ്ങളോ ഡ്രോണുകളോ ആകാനാണ് സാധ്യതയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

