സൂപ്പർലീഗ് കേരള ഫുട്ബോളിൽ വീണ്ടും കാലിക്കറ്റ് എഫ്സിയുടെ ബൂട്ട് അണിയുന്നതിന്റെ ആവേശത്തിലിരിക്കുമ്പോഴാണ് ഡിഫൻഡർ റിജോൺ ജോസിന്റെ അപ്രതീക്ഷിത വിയോഗം. 18ന് കടപ്പുറത്തെ വേദിയിൽ ടീമിന്റെ പുതിയ ജഴ്സിയണിഞ്ഞ് ആവേശത്തോടെ വേദിയിലെത്തി ആരാധകരെ കൈവീശിക്കാണിച്ച നാലാം നമ്പറുകാരൻ ഇനിയില്ല.
കാലിക്കറ്റ് സർവകാലാശാല ടീമിന്റെ മികച്ച ഡിഫൻഡറായിരുന്ന റിജോണിന്റെ കൊൽക്കത്തയിലെയും കർണാടകയിലെയും പ്രകടനം കണ്ടാണ് ആദ്യ സീസണിൽ കാലിക്കറ്റ് എഫ്സിയിലേക്ക് ടീം അധികൃതർ കൊണ്ടുവന്നത്. പ്രതിരോധത്തിൽ കരുത്തുകാണിച്ച് റിജോൺ ആരാധകരുടെ മനം കവർന്നു.
ഒടുവിൽ ചാംപ്യൻമാരായപ്പോൾ വെള്ളിക്കപ്പും കയ്യിലേന്തിയുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഫോഴ്സ കൊച്ചിക്കൊപ്പമായിരുന്നു.
എന്നാൽ കേരള പ്രീമിയർ ലീഗിൽ കാലിക്കറ്റ് എഫ്സി ഇത്തവണ കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ റിജോൺ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ മൂന്നാഴ്ചയായി എസ്എൽകെക്കുള്ള കാലിക്കറ്റ് എഫ്സി ടീം വെള്ളിമാടുകുന്ന് ജെഡിടിയിൽ ടീമിന്റെ പരിശീലന മൈതാനത്ത് പരിശീലനം നടത്തിവരികയാണ്.
18ന് കടപ്പുറത്ത് ടീം പ്രഖ്യാപനം നടന്ന ശേഷം ടീമിലെ 20 പേർ മുംബൈയിൽ സൗഹൃദമത്സരം കളിക്കാൻ പോയിരുന്നു. എന്നാൽ റിജോണും പരുക്കിന്റെ പിടിയിലായിരുന്ന ഗനി അഹമ്മദ് നിഗമും മുംബൈയിൽ പോയില്ല.
ഇവരടക്കമുള്ള ബാക്കിയുള്ളവർ പകൽ മൈതാനത്ത് പരിശീലനത്തിലാണ്. മുംബൈയിൽ പോയ സംഘം ഇന്നലെ വൈകിട്ട് 6ന് തിരിച്ചെത്തിയിരുന്നു.
ബീച്ച് റോഡിലുള്ള ഫ്ലാറ്റിലാണ് കാലിക്കറ്റ് ടീമിന്റെ താമസം. രാത്രി ഭക്ഷണം കഴിക്കാനായി ഇവിടെനിന്ന് റിജോണും ഗനിയും റിജോണിന്റെ ബൈക്കിൽ അശോകപുരം ഭാഗത്തേക്കാണ് പോയത്.
ഭക്ഷണം കഴിച്ചുകഴിഞ്ഞതായും ഉടനെ തിരിച്ചുവരുമെന്നും റിജോൺ രാത്രി പത്തോടെ സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിനിടെ മഴ പെയ്തു.
ഇരുവരും അൽപനേരം കാത്തിരുന്ന ശേഷമാണ് താമസ സ്ഥലത്തേക്കു പുറപ്പെട്ടതെന്നും സഹതാരങ്ങൾ പറഞ്ഞു. രാത്രി 10.40ന് ഗാന്ധി റോഡ് മേൽപാലത്തിലൂടെ ബൈക്കിൽ കയറ്റം കയറി വരുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
രാത്രി പെയ്ത മഴയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ ഫുട്ബോൾ താരങ്ങൾ റോഡിൽ കിടന്നത് അരമണിക്കൂറിലധികം നേരമാണ്. വാഹനങ്ങൾ അതുവഴി പോയെങ്കിലും ആരും സഹായത്തിന് എത്തിയില്ല.
രാത്രി 10.40ന് അപകടമുണ്ടായെങ്കിലും 11.20ന് പൊലീസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പന്ത്രണ്ടരയോടെ റിജോണിനു ജീവൻ നഷ്ടമായി.
സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിന് തൊട്ടുമുൻപ് ഒരു മാസത്തിനിടെ രണ്ടാമത്തെ വേർപാടാണ് കാലിക്കറ്റ് എഫ്സിയുടെ നെഞ്ചുലയ്ക്കുന്നത്. ഇന്നലെ അതിരാവിലെ കാലിക്കറ്റിന്റെ ഡിഫെൻഡർ റിജോൺ ജോസിന്റെ മരണവാർത്ത കേട്ട് കാലിക്കറ്റ് ആരാധകർ തരിച്ചിരിന്നു.
ഓഗസ്റ്റ് 12ന് ആണ് കാലിക്കറ്റ് എഫ്സി ക്ലബ് സെക്രട്ടറി ബിനോ ജോസ് ഈപ്പൻ ഓർമയായത്. പുതിയ സീസണിലേക്കുള്ള വിദേശ താരങ്ങളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർജന്റീനയിലേക്കു പോകാനുള്ള തയാറെടുപ്പിനിടെയാണ് ബിനോ ജോസ് ഈപ്പൻ മരിച്ചത്.
ഒരിക്കൽ എസ്എൽകെ കിരീട്ടത്തിൽ മുത്തമിട്ട അതേ സ്റ്റേഡിയത്തിലേക്ക് നീല ജഴ്സിയില്ലാതെ, ബൂട്ടുകൾ കെട്ടാതെ റിജോൺ ജോസ് അവസാനയാത്രയ്ക്ക് എത്തിയപ്പോൾ ഗാലറികൾ നിശ്ശബ്ദമായിരുന്നു.
തേങ്ങലടക്കാൻ കഴിയാതെ ഫുട്ബോൾ താരങ്ങളും ആരാധകരും വിങ്ങിപ്പൊട്ടുകയായിരുന്നു. കാലിക്കറ്റ് എഫ്സിക്കു വേണ്ടി വീണ്ടുമൊരു കിരീടം നേടാൻ കൊതിച്ച് കയറിവന്ന റിജോണിനെ പിടയുന്ന നെഞ്ചോടെയാണ് ഈ പുൽമൈതാനം യാത്രയാക്കിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലരയോടെയാണ് റിജോൺ ജോസിന്റെ ഭൗതികദേഹം കാലിക്കറ്റിന്റെ ഹോം മൈതാനമായ കോർപറേഷൻ സ്റ്റേഡിയത്തിൽ എത്തിച്ചത്. അണ്ടർ 23 പരിശീലകൻ ഹുസൈൻ പിഎയും റിജോണിന്റെ ബന്ധുക്കളും അടക്കമുള്ളവരാണ് ശരീരം സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്.
ആരാധകർ ഉച്ചയ്ക്ക് രണ്ടര മുതൽ കാത്തിരിക്കുകയായിരുന്നു. കാലിക്കറ്റ് എഫ്സി കോച്ച് എവർ അഡ്രിയാനോ ഡെമാൾഡേ, സഹപരിശീലകൻ ബിബി തോമസ് മുട്ടത്ത്, ഗോൾകീപ്പിങ് പരിശീലകൻ എം.നെൽസൺ, ഓപ്പറേഷൻസ് ഡയറക്ടർ ജിബു ഗിബ്സൺ എന്നിവരും 6 വിദേശ താരങ്ങളും റിജോണിന്റെ സഹതാരങ്ങളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് നിറഞ്ഞ കണ്ണുകളോടെയാണ്.
നിക്കോളാസ് ഉരൂട്ടിയും പി.ടി.മുഹമ്മദ് റിയാസും അടക്കമുളള താരങ്ങൾ റിജോണിനെ അവസാനമായി കണ്ട് വിതുമ്പി. സഹതാരം പി.പി.മുഹമ്മദ് റോഷലിന്റെ മാതാവ് പി.കെ.ഷാഹിദ പൊട്ടിക്കരഞ്ഞു.
എമിൽ ബെന്നി അടക്കമുള്ള താരങ്ങൾ ഷാഹിദയെ ആശ്വസിപ്പിച്ച് കൂടെനിന്നു. കെ.ജയന്ത് എംഎൽഎ, കെഡിഎഫ്എ ജില്ലാ സെക്രട്ടറി കെ.ഷാജേഷ്കുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പ്രഫ.റോയ് വി.ജോൺ, സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി പ്രപു പ്രേംനാഥ്, കെഡിഎഫ്എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഹൈദ്രോസ്, കൗൺസിലർമാരായ സഫറി വെള്ളയിൽ, സി.പി.സലീം, ശ്രീജ സി.നായർ, കെഡിഎഫ്എ ജില്ലാ ഭാരവാഹി മോഹൻ കുര്യാൽ, നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
ഗോകുലം കേരള എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വൈകിട്ട് അഞ്ചരയോടെ റിജോണിന്റെ ഭൗതികദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.
സൂപ്പർ ലീഗ് കേരള ഫുട്ബോൾ ക്ലബ് കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധനിര താരം റിജോൺ ജോസ് (29) ബൈക്ക് അപകടത്തിൽ മരിച്ചു. സഹതാരവും സന്തോഷ് ട്രോഫി ടീം മുൻ അംഗവുമായ ഗനി അഹമ്മദ് നിഗമിനു പരുക്കേറ്റു.
തൃശൂർ ഒല്ലൂർ ആനക്കല്ല് അമ്പാടി റോഡിൽ മാളിയേക്കൽ മുക്കാട്ടുകരക്കാരൻ എം.പി.ജോസിന്റെയും ട്രീസയുടെയും മകനാണ് റിജോൺ. തൃശൂർ സെന്റ് തോമസ് കോളജിന്റെയും കാലിക്കറ്റ് സർവകലാശാലയുടെയും താരമായിരുന്ന റിജോൺ 2024ലെ സൂപ്പർലീഗ് കേരള ആദ്യസീസണിൽ കിരീടം നേടിയ കാലിക്കറ്റ് എഫ്സി ടീമംഗമായിരുന്നു.
രണ്ടാം സീസണിൽ ഫോഴ്സ കൊച്ചിക്കുവേണ്ടി കളിച്ച റിജോൺ കേരള പ്രീമിയർ ലീഗിൽ കാലിക്കറ്റിന്റെ പ്രതിരോധ നിരയിൽ കളിച്ചു. തൃശൂർ ജില്ലാ ടീമിലും ശ്രീഭൂമി എഫ്സി, ജോർജ് ടെലിഗ്രാഫ് എഫ്സി, എഫ്സി ഡെക്കാൻ, വയനാട് യുണൈറ്റഡ് എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.
കൊൽക്കത്ത ഫുട്ബോൾ ലീഗിലും കർണാടക സൂപ്പർ ഡിവിഷൻ ലീഗിലും കളിച്ചിട്ടുണ്ട്. സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസൺ തുടങ്ങാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെയാണ് റിജോണിന്റെ മരണം.
26നാണ് കാലിക്കറ്റ് എഫ്സിയുടെ ആദ്യമത്സരം. ഞായർ രാത്രി 10.40നു ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ നിന്നു ബീച്ച് റോഡിലെ താമസസ്ഥലത്തേക്കു പോകുന്നതിനിടെ ഗാന്ധി റോഡ് മേൽപാലത്തിലായിരുന്നു അപകടം.
റിജോണും ഗനിയും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ കരുവിശ്ശേരി കൽഹാസിൽ ഷാഹിൽ റഹ്മാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
ഗനി അഹമ്മദ് നിഗമിന്റെ പരുക്ക് ഗുരുതരമല്ല. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിജോൺ പുലർച്ചെ 12.16 നാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് കാലിക്കറ്റ് എഫ്സിയുടെ ഹോം മൈതാനമായ കോർപറേഷൻ സ്റ്റേഡിയത്തിൽ പൊതുദർശനം നടത്തി.
അഞ്ചരയോടെ ഒല്ലൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്നു വൈകിട്ട് 3ന് അവിണിശ്ശേരി സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.
സഹോദരൻ: എം.ജെ.ടിജോ.

