ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന മർദ്ദനവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച എഡിജിപി എം ആർ അജിത് കുമാറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ ആവശ്യപ്പെട്ടു.
സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ‘സൂപ്പർ ഡിജിപി’യായി പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അജിത് കുമാർ എന്ന് അദ്ദേഹം ആരോപിച്ചു.
കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയമിച്ച ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തെ പൊതുജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ, അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുന്നതിലുണ്ടാകുന്ന കാലതാമസം നീതി നിഷേധമാണെന്ന് ജിന്റോ ജോൺ ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി ഔദ്യോഗിക റിപ്പോർട്ടുകൾ തിരുത്തിയതുൾപ്പെടെയുള്ള ഗുരുതരമായ പൗരാവകാശ ലംഘനങ്ങൾ എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്നതായി അദ്ദേഹം ആരോപിച്ചു. ഭരണകൂടത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ തന്റെ പദവി സുരക്ഷിതമാക്കാനാണ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപണമുയർത്തി.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ വിവാദം, തൃശൂരിലെ ബിജെപി വിജയം, അനധികൃത സ്വത്ത് സമ്പാദനം, സ്വർണ്ണക്കടത്ത്, മാമി തിരോധാനം, ശബരിമലയിലെ ട്രാക്ടർ യാത്ര തുടങ്ങിയ വിഷയങ്ങളിൽ ഉയർന്നുവന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ ജിന്റോ ജോൺ, ഇത്തരം ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം ലഭിക്കരുതെന്ന് ആവശ്യപ്പെട്ടു. ഡിജിപിയുടെ ഓഫീസിൽ മൂന്നാഴ്ചയായി കെട്ടിക്കിടക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം അടിയന്തരമായി തീരുമാനമെടുക്കണം.
പൊലീസിനുള്ളിലെ ക്രിമിനൽ സിൻഡിക്കേറ്റിന്റെ തലവനായ ഇദ്ദേഹത്തിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എം ആർ അജിത് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

