കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്ര ഇന്ന് മുതൽ നിലവിൽ വരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസുകളെ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രിയദർശിനി എന്ന പേരിൽ പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ഉദ്ഘാടന വേളയിൽ പുറപ്പെടുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും എന്നത് ശ്രദ്ധേയമാണ്.
ദിവസവേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകൾക്കും സാധാരണക്കാരായ യാത്രക്കാർക്കും ഈ പദ്ധതി വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. യാത്രാക്കൂലി ഇനത്തിൽ പ്രതിമാസം 600 രൂപ മുതൽ 3000 രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ടിക്കറ്റ് നിരക്ക് സൗജന്യമാണെങ്കിലും ബസിൽ കയറുമ്പോൾ കണ്ടക്ടറിൽ നിന്നും നിർബന്ധമായും പൂജ്യം രൂപയുടെ ടിക്കറ്റ് കൈപ്പറ്റേണ്ടതുണ്ട്. ഇന്ന് രാവിലെ 9 മണി മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.
സ്ത്രീകൾക്കൊപ്പമുള്ള 5 മുതൽ 11 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് ഹാഫ് ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും. എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാകുന്നതിനാൽ യാത്രക്കാർ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കേണ്ടതില്ല.
അതേസമയം, പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐഎം തീരുമാനിച്ചു.
കൂടാതെ, പദ്ധതിക്കെതിരെ മെൻസ് അസോസിയേഷൻ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് ലിംഗഭേദമില്ലാതെ സൗജന്യ യാത്ര അനുവദിക്കുക, 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് സൗജന്യ യാത്ര ഉറപ്പാക്കുക, പുരുഷന്മാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്തുക, ഉയർന്ന വരുമാനമുള്ള സ്ത്രീകൾക്ക് ഈ സൗജന്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
പദ്ധതിയെ നേരത്തെ വിമർശിച്ച മുൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് തലസ്ഥാനത്ത് മാധ്യമങ്ങളെ കാണുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

