തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കമാകും. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 8.30-ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.
ഉദ്ഘാടനത്തിന് ശേഷം വനിതാ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേർന്ന് ആദ്യയാത്ര പൂർത്തിയാക്കും. കെഎസ്ആർടിസിയിൽ പിഎസ്സി വഴി നിയമനം ലഭിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീല ആയിരിക്കും ഉദ്ഘാടന ബസിന്റെ സാരഥി.
അതേസമയം, ഈ പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി എംഎൽഎമാർക്ക് നിർദേശം നൽകി.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാവിലെ 9 മണി മുതൽ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രാ സൗകര്യം ലഭ്യമായിത്തുടങ്ങും. യാത്രക്കാർക്ക് ‘സീറോ ടിക്കറ്റ്’ ലഭിക്കുന്നതാണ്.
ഈ പദ്ധതിയിൽ ഉൾപ്പെടുന്ന ബസുകൾ എളുപ്പത്തിൽ തിരിച്ചറിയാനായി അവയിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ വരുമാനമോ പ്രായമോ പരിഗണിക്കാതെ തന്നെ ഈ ആനുകൂല്യം ലഭ്യമാകും.
നിലവിൽ മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസുകൾ ഉള്ളത്. ഓർഡിനറി, ടിടി വിഭാഗങ്ങളിലായി ആകെ 87 ബസുകളിൽ മാത്രമാണ് ഇവിടെ സൗജന്യയാത്ര സാധ്യമാകുന്നത്.
ജനസാന്ദ്രതയേറിയതും സ്ത്രീകൾ കൂടുതലായി ആശ്രയിക്കുന്നതുമായ മലപ്പുറം മേഖലയിൽ ഓർഡിനറി സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

