മഴക്കാലം അനിവാര്യമായ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും പുറമെ തലമുടിയുടെ സ്വാഭാവിക ഭംഗിയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. അന്തരീക്ഷത്തിലെ ഉയർന്ന തോതിലുള്ള ഈർപ്പം, അമിതമായ വിയർപ്പ് എന്നിവ തലയോട്ടിയിലെ താരൻ, ചൊറിച്ചിൽ, അമിതമായ എണ്ണമയം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുന്നു.
ഇത്തരം പ്രശ്നങ്ങൾ മഴക്കാലത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ മുടി സംരക്ഷണത്തിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ താഴെ പറയുന്നവയാണ്.
തലമുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കുക
അമിതമായ വിയർപ്പും അഴുക്കും നീക്കം ചെയ്യാൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകുന്നത് ഗുണകരമാണ്. എന്നാൽ അമിതമായി മുടി കഴുകുന്നത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താനും മുടി വരളാനും ഇടയാക്കും.
ശരിയായ ഉൽപ്പന്നങ്ങളുടെ ഉപയോഗം
തലയോട്ടി വൃത്തിയാക്കാൻ ഷാംപൂവും മുടിയുടെ തിളക്കവും ഈർപ്പവും നിലനിർത്താൻ കണ്ടീഷണറും ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഇത് മുടി കെട്ടുപിണയുന്നത് തടയുന്നു.
അതേസമയം, ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കേറ്റഡ് ഷാംപൂകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം, ഇത് തലയോട്ടിയിലെ വരൾച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകാം. മഴ നനഞ്ഞാൽ ഉടൻ ശ്രദ്ധിക്കുക
മഴവെള്ളത്തിൽ തലയോട്ടിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
അതിനാൽ മഴ നനഞ്ഞാൽ ഉടൻ തന്നെ ശുദ്ധജലത്തിൽ മുടി കഴുകി വൃത്തിയാക്കി ഉണക്കാൻ ശ്രദ്ധിക്കണം. നനഞ്ഞ മുടിയുടെ പരിചരണം
മുടി നനഞ്ഞിരിക്കുന്ന അവസ്ഥയിൽ കെട്ടിവയ്ക്കുകയോ സ്റ്റൈൽ ചെയ്യുകയോ ചെയ്യുന്നത് മുടിയുടെ ബലം കുറയ്ക്കും.
ഇത് മുടി പൊട്ടിപ്പോകുന്നതിനും ഫംഗസ് അണുബാധകൾ ഉണ്ടാകുന്നതിനും വഴിവെക്കും. കെമിക്കൽ ട്രീറ്റ്മെന്റുകൾ ഒഴിവാക്കുക
മഴക്കാലത്ത് ബ്ലോ ഡ്രയറുകൾ, ഹെയർ കളറിംഗ്, മറ്റ് രാസചികിത്സകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് മുടിയുടെ ഘടന സംരക്ഷിക്കാൻ സഹായിക്കും.
ഭക്ഷണക്രമവും വിദഗ്ദ്ധ ഉപദേശവും
പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം മുടിയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. അമിതമായ മുടികൊഴിച്ചിൽ, വിട്ടുമാറാത്ത ചൊറിച്ചിൽ, താരൻ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഒരു ചർമ്മരോഗ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

