ദുബൈയിൽ കുടുംബങ്ങൾ താമസിക്കുന്ന ഷെയറിങ് അപ്പാർട്ട്മെന്റുകളിൽ ബാച്ചിലർ താമസക്കാർക്ക് ഷെയറിങ് അടിസ്ഥാനത്തിൽ താമസിക്കാൻ കഴിഞ്ഞേക്കില്ല. കുടുംബങ്ങളായും ബാച്ചിലർ ആയുമുള്ള ഷെയറിങ് താമസങ്ങൾ വെവ്വേറെയാക്കാനാണ് പദ്ധതി.
ഇതിനായി പ്രത്യേക മേഖലകളും അനുവദിച്ചിട്ടുണ്ട്. ഒരു കെട്ടിടത്തിൽ ഒന്നുകിൽ ബാച്ചിലർ താമസക്കാർ, അല്ലെങ്കിൽ കുടുംബങ്ങൾ എന്നിങ്ങനെയായിരിക്കണം ക്രമീകരണം.
ഷെയറിങ് ആയുള്ള താമസ കെട്ടിടങ്ങളിൽ ഈ രണ്ടു വിഭാഗവും ഇനി ഒരുമിച്ച് പാടില്ല. മാത്രവുമല്ല, വില്ലകളിലായാലും കെട്ടിടങ്ങളിലായാലും ഷെയറിങ് ആയി താമസിക്കാവുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് തന്നെ അധികൃതർ തയാറാക്കിയിട്ടുണ്ട്.
ആകെ 44 ഇടങ്ങളിലാണ് ഇതിന് അനുമതിയുള്ളത്. അല്ലാത്ത ഇടങ്ങളിൽ ഷെയറിങ് ആയി താമസിക്കാനാകില്ല.
സൂഖ് അയ കബീർ, അൽ റാസ്, അൽ വർഖ, മുറഖബാത്, അൽ റിഗ ഉൾപ്പടെയുള്ള മേഖലകളാണിത്. ചില സ്ഥലങ്ങളിൽ ഷെയറിങ് ആയി താമസിക്കാൻ കുടുംബങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടാകൂ.
ബനിയാസ് റോഡ്, ഷെയ്ഖ് സായിദ് റോഡ്, ജുമൈറ റോഡ്, അൽ വാസൽ റോഡ് ഉൾപ്പടെയുള്ള മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഇവിടെ ബാച്ചിലർ താമസക്കാർക്ക് ഷെയറിങ് താമസം അനുവദനീയമല്ല.
ഷെയറിങ് കെട്ടിടങ്ങളിൽ പാലിക്കേണ്ട കൃത്യമായ മാർഗരേഖകൾ പുറത്തിറക്കിയിട്ടുണ്ട്.
ഒരാൾക്ക് കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. കുടുംബങ്ങൾക്കാണെങ്കിൽ പ്രത്യേക ബെഡ് റൂം, ബാത് റൂം എന്നിവ നിർബന്ധമാണ്.
അടുക്കള, ശുചീകരണ സംവിധാനങ്ങളെല്ലാം കർശനമാക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനും വിനോദങ്ങൾക്കും വസ്ത്രങ്ങൾ കഴുകാനും ഉണക്കാനുമെല്ലാം ആവശ്യമായ സ്ഥലം ഉണ്ടായിരിക്കണം.
ഈ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് അയ്യായിരം മുതൽ അൻപതിനായിരം ദിർഹം വരെയാണ് പിഴ ഈടാക്കുന്നത്. നഗരത്തിലെ തിങ്ങിത്താമസിക്കുന്നത് തടയുക എന്നതാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, ഉയർന്ന ജീവനക്കാരുടെ ചെലവ് പിടിച്ചു നിർത്താൻ പ്രവാസികളുടെ ഏറ്റവും വലിയ ആശ്രയമാണ് ഇത്തരം ഷെയറിങ് താമസ കേന്ദ്രങ്ങൾ. പുതിയ നിയമങ്ങൾ പൂർണ്ണമായി നടപ്പാക്കുന്നതിനായി ഒരു വർഷത്തെ ഗ്രേസ് പിരീയഡ് അധികൃതർ അനുവദിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

