സംസ്ഥാനത്തെ നിർണായകമായ തുറമുഖ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈവശം വയ്ക്കുന്നതിലെ സാഹചര്യങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ ഘടകകക്ഷിയിൽ നിന്ന് ഈ വകുപ്പ് അപ്രതീക്ഷിതമായി ഏറ്റെടുത്ത നടപടി ഏറെ ദുരൂഹതകൾ ഉയർത്തിയിരുന്നു.
പദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുന്ന നിർണായക ഘട്ടത്തിൽ, കാര്യമായ ചർച്ചകളില്ലാതെയാണ് വകുപ്പ് മാറ്റം നടന്നത്. വകുപ്പ് ഏറ്റെടുത്ത് മൂന്നു മാസത്തിനുള്ളിൽ തന്നെ സർക്കാർ–അദാനി ആർബിട്രേഷൻ തർക്കങ്ങളിൽ അയവ് വരുത്താനും ഒത്തുതീർപ്പിലേക്കെത്താനും സർക്കാർ തയ്യാറായതും ശ്രദ്ധേയമാണ്.
ചരിത്രം പരിശോധിച്ചാൽ, വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ തുടക്കത്തിൽ എം.
വിജയകുമാർ ആയിരുന്നു തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 2010-ൽ കേരള കോൺഗ്രസ് (ജോസഫ്) മുന്നണി വിട്ടതോടെ വി.
സുരേന്ദ്രൻപിള്ളക്ക് ഈ ചുമതല ലഭിച്ചു. ഒന്നാം പിണറായി സർക്കാരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു അഞ്ചുവർഷവും തുറമുഖ മന്ത്രിയായിരുന്നത്.
2015-ൽ തറക്കല്ലിട്ട വിഴിഞ്ഞം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
എന്നാൽ രണ്ടാം പിണറായി സർക്കാരിൽ ഘടകകക്ഷികൾക്ക് ടേം വ്യവസ്ഥ ഏർപ്പെടുത്തിയപ്പോൾ, അഹമ്മദ് ദേവർകോവിലിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും രണ്ടര വർഷം വീതം കാലാവധി നിശ്ചയിച്ചു. ആദ്യ ഘട്ടം ലഭിച്ച അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പ് ലഭിച്ചെങ്കിലും, രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയായ സമയത്ത് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കുകയും വി.എൻ.
വാസവന് കൈമാറുകയുമാണ് ചെയ്തത്. ഈ തീരുമാനത്തിന് മുന്നോടിയായി വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) എം.ഡിയെയും മാറ്റി നിയമിച്ചിരുന്നു.
അദാനി ഗ്രൂപ്പുമായുള്ള കരാർ ലംഘനം സംബന്ധിച്ച തർക്കങ്ങൾ ഈ കാലയളവിൽ നിർണായകമായി. നിർമാണം അഞ്ച് വർഷം വൈകിപ്പിച്ചതിന് 911 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2021-ൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള കാരണങ്ങൾ നിരത്തി അദാനി ഗ്രൂപ്പ് ആർബിട്രേഷൻ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. പദ്ധതി പൂർത്തീകരണ കാലാവധി 2024 ഡിസംബറിലേക്ക് നീട്ടണമെന്നും നടത്തിപ്പ് അവകാശം 45 വർഷമാക്കണമെന്നുമായിരുന്നു കമ്പനിയുടെ പ്രധാന ആവശ്യം.
തുടർന്ന് 2024-ൽ ഒപ്പിട്ട സപ്ലിമെന്ററി കരാർ പ്രകാരം സർക്കാർ നിലപാടിൽ അയവ് വന്നു.
കരാർ ലംഘനത്തിന് തടഞ്ഞുവെച്ച 219 കോടി രൂപയിൽ 175.2 കോടി രൂപ, അടുത്ത ഘട്ടം പൂർത്തിയാക്കുന്ന മുറയ്ക്ക് തിരികെ നൽകാൻ ധാരണയായി. ശേഷിച്ച തുക പിഴയാണെന്ന് സർക്കാർ ആദ്യം വാദിച്ചെങ്കിലും, പിന്നീട് അത് വയബിലിറ്റി ഗ്യാപ് ഫണ്ടിൽ (വിജിഎഫ്) നിന്നുള്ള കുറവാണെന്ന് വിശദീകരിച്ചു.
2045-ൽ പൂർത്തിയാക്കേണ്ട രണ്ടാം ഘട്ടം 2028-ൽ തീർക്കാമെന്ന അദാനിയുടെ വാഗ്ദാനം സപ്ലിമെന്ററി കരാറിലെ പ്രധാന നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടിയിരുന്നു.
എന്നാൽ, ഈ വേഗത്തിലുള്ള പൂർത്തീകരണം ഓഹരി വിപണിയെ ലക്ഷ്യമിട്ടുള്ള അദാനിയുടെ തന്ത്രമാണോ എന്ന സംശയം ഇപ്പോൾ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

