കേരളത്തിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് വർധന. ഗ്രാമിന് 90 രൂപ വർധിച്ച് 14,880 രൂപയിലും, പവന് 720 രൂപ വർധിച്ച് 1,19,040 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
സ്വർണ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചതിനു പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് വില ഉയരുന്നത്. പുതുക്കിയ നിരക്കുകൾ ഒരു വർഷത്തേക്ക് നിലനിൽക്കുമെന്ന റിപ്പോർട്ടുകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ രൂപയുടെ വിനിമയ നിരക്ക് സ്ഥിരപ്പെടുത്താനും വിദേശനാണ്യ കരുതൽശേഖരം സംരക്ഷിക്കാനുമാണ് സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിത്തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്രം ഉയർത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾ പ്രകടമല്ലെങ്കിലും, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
യുഎസിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നത് ഫെഡറൽ റിസർവിന്റെ പലിശ നയങ്ങളെ സംബന്ധിച്ച ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. പലിശ നിരക്ക് ഉയരുകയാണെങ്കിൽ സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള ആകർഷണീയത കുറയുകയും നിക്ഷേപകർ ബോണ്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തേക്കാം.
ഇത് സ്വർണവിലയിൽ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രാജ്യാന്തര വിപണിയിൽ നിലവിൽ ഔൺസിന് 4700 ഡോളറിനടുത്താണ് വില.
ഇത് വർഷാവസാനത്തോടെ 6000 ഡോളറിലേക്കും പിന്നീട് 6500 ഡോളറിലേക്കും ഉയരുകയാണെങ്കിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചില ബ്രോക്കറേജുകൾ പ്രവചിക്കുന്നു. അതേസമയം, 18 കാരറ്റ് സ്വർണത്തിന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ചിരിക്കുന്ന വില ഗ്രാമിന് 12,290 രൂപയാണ്.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) കീഴിലുള്ള ഷോറൂമുകളിൽ 12,225 രൂപയ്ക്കും വ്യാപാരം നടക്കുന്നു. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ പോലും ഏകദേശം 1.35 ലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും.
ആഭരണങ്ങളുടെ ഡിസൈനിന് അനുസരിച്ച് പണിക്കൂലിയിൽ മൂന്നു മുതൽ മുപ്പതു ശതമാനം വരെ വ്യത്യാസം വരാം. ഇതിനു പുറമെ 3 ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും അതിന് 18 ശതമാനം ജിഎസ്ടിയും ഉപഭോക്താക്കൾ നൽകേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

