കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ മിന്നലിൽ വീടുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ. കസബ കടപ്പുറത്ത് മിന്നലേറ്റതിനെത്തുടർന്ന് ഫ്രിഡ്ജിന് തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു.
മീനാക്ഷിയുടെ ഉടമസ്ഥതയിലുള്ള ഓടുമേഞ്ഞ വീടാണ് അപകടത്തിൽപ്പെട്ടത്. മിന്നലിൽ ഫ്രിഡ്ജിലേക്ക് തീപിടിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന ടിവി, ഫാൻ, കിടക്ക, തുണിത്തരങ്ങൾ എന്നിവയിലേക്ക് തീ പടരുകയായിരുന്നു.
തീ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുടമസ്ഥ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ കാസർകോട് അഗ്നിരക്ഷാ സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേർന്ന് തീ അണച്ചു. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇതിനുപുറമെ, ഉപ്പള നയാബസാർ അമ്പാറിലെ കൃഷ്ണനഗറിലും കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മിന്നലിൽ നാല് വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഭാസ്കര കൊണ്ടയൂർ, സഹോദരങ്ങളായ പ്രഭാകര, സുകുമാര, മാധവ എന്നിവരുടെ വീടുകളാണ് അപകടത്തിൽപ്പെട്ടത്.
ഭാസ്കരന്റെ ഇരുനില വീടിന്റെ മുകൾനിലയിലെ ചുമരിൽ ഇടിമിന്നലേറ്റ് ദ്വാരമുണ്ടാവുകയും വീടിനുള്ളിലെ വയറിങ് ഭാഗികമായി കത്തിനശിക്കുകയും ചെയ്തു. കൂടാതെ വീട്ടുപകരണങ്ങളും തകർന്നു.
സമീപത്തെ മറ്റ് മൂന്ന് വീടുകളിലെയും ഗൃഹോപകരണങ്ങൾക്ക് മിന്നലേറ്റു. സംഭവസ്ഥലം വില്ലേജ് ഓഫിസർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

