കൊല്ലത്ത് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് സ്വർണമാല കവർച്ച ചെയ്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടത്താനം ജവഹർ ജംക്ഷനിൽ സജീർ മൻസിലിൽ മുഹമ്മദ് താരിഖ് (28), ഇരവിപുരം കയ്യാലക്കൽ ഫാത്തിമ മൻസിലിൽ മാഹീൻ (25) എന്നിവരാണ് പിടിയിലായത്.
ബുധൻ രാത്രി 8 മണിയോടെ ശക്തികുളങ്ങര കപ്പിത്താൻ ജംക്ഷന് സമീപമായിരുന്നു ആദ്യ സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.
അന്ന് തന്നെ കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ച് സ്കൂട്ടറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ കഴുത്തിൽ നിന്നും 6 പവൻ തൂക്കമുള്ള സ്വർണമാലയും ഇവർ മോഷ്ടിക്കുകയുണ്ടായി. പരാതികളുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.
വ്യാഴം രാവിലെ കൊല്ലം ഈസ്റ്റ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ തുടർന്ന് ഉളിയകോവിലുള്ള ഒരു സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണവും കവർച്ചയും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ഇതിൽ പ്രതിയായ മാഹീനെതിരെ കാപ്പാ ചുമത്തിയിട്ടുമുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി ശക്തികുളങ്ങര പൊലീസിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

