കൊല്ലം ജില്ലയിൽ സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് തുടർച്ചയായി ലൈംഗികാതിക്രമങ്ങൾ നടത്തിവന്ന പ്രതി പിടിയിൽ. പുത്തൂർ ആലയ്ക്ക ജംഗ്ഷനിൽ ചെറുമങ്ങാട് കുഴിയിൽ പുത്തെൻവീട്ടിൽ ലിജോ ജോസഫ് ആണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
‘നീല മാസ്റ്ററോ സ്കൂട്ടി’യിൽ സഞ്ചരിച്ചാണ് ഇയാൾ വിവിധ പ്രദേശങ്ങളിൽ വിദ്യാർത്ഥിനികളെ ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു പ്രതി.
ഈസ്റ്റ് കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചുവിട്ടതിന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂട്ടറിന്റെ റജിസ്ട്രേഷൻ നമ്പറിൽ ചെളി പുരട്ടിയും നമ്പർ പ്ലേറ്റ് മറച്ചുവെച്ചും ആളൊഴിഞ്ഞ ഇടവഴികളിലൂടെ സഞ്ചരിച്ചായിരുന്നു പ്രതി കൃത്യങ്ങൾ നടത്തിയിരുന്നത്.
ഒറ്റയ്ക്ക് നടന്നുപോകുന്ന പെൺകുട്ടികളെയാണ് ഇയാൾ പ്രധാനമായും ആക്രമിച്ചിരുന്നത്. ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമുണ്ടായതിനെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന് ഐ.പി.എസ്, ശാസ്താംകോട്ട
ഡി.വൈ.എസ്.പി ശ്രീ അലക്സാണ്ടർ തങ്കച്ചൻ എന്നിവരുടെ മേൽനോട്ടത്തിൽ ജില്ലാ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. കുട്ടികൾ നൽകിയ പ്രതിയുടെ രൂപ് വിശദാംശങ്ങൾ, നാല്നൂറിലധികം സിസിടിവി ദൃശ്യങ്ങൾ, വിവിധ ജില്ലകളിലെ മാസ്റ്ററോ വാഹനങ്ങളുടെ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ലിജോ ജോസഫിനെ പിടികൂടാൻ സാധിച്ചത്.
വാഹനത്തിന്റെ നമ്പർ പ്ലേറ്റ വ്യക്തമല്ലാത്തതും മുഖം വ്യക്തമാകുന്ന ദൃശ്യങ്ങൾ ലഭ്യമല്ലാത്തതും പൊലീസിന് തുടക്കത്തിൽ വെല്ലുവിളിയായിരുന്നു. കൂടാതെ കുറ്റകൃത്യത്തിന് ശേഷം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് പൊലീസിനെ വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചിരുന്നു.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും തിരുവനന്തപുരം അതിർത്തികളിലും വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഒടുവിൽ പ്രതി വലയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

