ഇരിട്ടി മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ മെതിയടിപ്പാറ മേമനക്കൊല്ലിക്കു സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ മുണ്ടയാട് സ്വദേശിയും ഹെഗ്ലയിൽ ഹോം സ്റ്റേ ഉടമയുമായ കെ.എൻ.ബാലകൃഷ്ണൻ മരണപ്പെട്ട സംഭവം മേഖലയിലെ റോഡ് സുരക്ഷാ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്റർ ദൂരം വർഷങ്ങളായി അപകടമേഖലയായി തുടരുകയാണ്. നിലവിൽ നടക്കുന്ന റോഡ് നവീകരണ പ്രവർത്തനങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നതായാണ് പ്രാഥമിക നിഗമനം.
വളവുകളിൽ റോഡ് താഴ്ന്ന അവസ്ഥയിലാണെന്നതും, വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതും, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ വേലികളോ സ്ഥാപിക്കാത്തതും യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ അലൈൻമെന്റിൽ വന്ന മാറ്റങ്ങളും ഡ്രൈവർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
വീതി കുറഞ്ഞ പാതയിൽ വാഹനങ്ങൾ മറികടക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. വർഷങ്ങളായി ഇതേ പാതയിലൂടെ യാത്ര ചെയ്തിരുന്ന ബാലകൃഷ്ണന്റെ മരണം യാത്രാസമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
അപകടം സംഭവിച്ച് 24 മണിക്കൂറിന് ശേഷമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വളവുകൾ സംഗമിക്കുന്ന ഈ ഭാഗത്ത് വാഹനം കൊക്കയിലേക്ക് മറിഞ്ഞാൽ മറ്റ് വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാൻ ഏറെ സമയമെടുക്കും.
വനത്തിലൂടെ കടന്നുപോകുന്ന കർണാടക സംസ്ഥാന പാത 91-ന്റെ ഭാഗമായ ഈ പാതയിൽ 16 കൊടും വളവുകളാണുള്ളത്. അപകടം നടന്നാൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണ്.
ഇരിട്ടിയിൽനിന്നോ വിരാജ്പേട്ടയിൽനിന്നോ സഹായം എത്തുന്നതിന് മണിക്കൂറുകളെടുക്കും. അതിനാൽ ചുരം പാതയിൽ മൊബൈൽ അഗ്നിരക്ഷാ യൂണിറ്റ് സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
മണ്ണിടിച്ചിൽ തടയുന്നതിനായി നാടുകാണി ചുരം മാതൃകയിൽ സംരക്ഷണ ഭിത്തികൾ നിർമിക്കുകയോ, സോയിൽ നെയ്ലിങ് നടത്തുകയോ ചെയ്യേണ്ടതുണ്ട്. കൂടാതെ, കൂട്ടുപുഴപ്പാലം മുതൽ പെരുമ്പാടി വരെ റോഡിന്റെ ഇരുവശവും സുരക്ഷാ വേലികളോടുകൂടിയ കോൺക്രീറ്റ് ഓവുചാൽ നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

