ഫുട്ബോൾ താരം ലിയോണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗൗരവകരമായ കണ്ടെത്തലുകളുണ്ടെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി.
തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും ഈ വിഷയത്തിൽ മുൻ സർക്കാരിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘‘കേരളത്തിൽ മെസി കളിക്കുമെന്ന് അർജന്റീനൻ ഫുട്ബോൾ അസോസിയേഷനുമായി കരാറുണ്ടാക്കാൻ ഒരു സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയതിലെ നടപടികൾ എന്തൊക്കെയായിരുന്നു? വിപണി മൂല്യ നിർണയമോ ഫണ്ടിന്റെ സ്രോതസ്സോ ഒന്നും പരിഗണിച്ചിട്ടില്ല. സംസ്ഥാന സർക്കാർ പോലും പല കാര്യങ്ങളും അറിഞ്ഞിട്ടില്ല.
പരസ്പരവിരുദ്ധമായ ഒട്ടേറെ പ്രസ്താവനകൾ വരുന്നുണ്ട്. ഏതോ സ്ഥാപനത്തെ പൂട്ടിക്കാനായി ഞാൻ ഇറങ്ങിയെന്നാണ് പറയുന്നത്.
അങ്ങനെ ഒന്നും ചെയ്തിട്ടില്ല. റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടേയുള്ളൂ.
ജിഎസ്ടി വെട്ടിപ്പ് നടന്നെന്ന് വ്യക്തമായിട്ടുണ്ട്. ആ വെട്ടിപ്പ് നടത്തിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ കണ്ടുപിടിക്കുകയും നോട്ടിസ് നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ പിന്നീട്, ആ അന്വേഷണം മരവിപ്പിക്കപ്പെട്ടതുപോലെയുള്ള അവസ്ഥ ഏഴുമാസം ഉണ്ടായി. അതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സർക്കാരിന് നഷ്ടപ്പെട്ട
തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യും.
അനാസ്ഥ അന്വേഷിക്കും’’ – മുഖ്യമന്ത്രി വിശദീകരിച്ചു. മറ്റു മന്ത്രിസഭാ തീരുമാനങ്ങൾ:
• മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് രണ്ടു ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
• തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ പിഎംഎവൈ പദ്ധതി നഗരം 2 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ അനുമതി നൽകി.
• കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി 2025–26 സാമ്പത്തിക വർഷത്തെ ബോണസ് വിതരണം സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കം വരുന്ന ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും.
ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നത്. ഇതിൽ 60 ശതമാനത്തോളം കണ്ടെയ്നറുകളും മറ്റ് വിദേശ രാജ്യങ്ങളുടേതായിരുന്നു.
തുറമുഖത്തിന്റെ പൂർണ്ണമായ ഗുണഫലം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

