കുവൈത്ത് സിറ്റി: രാജ്യത്തെ നിർണായക കേന്ദ്രം ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഐഎസ് അനുകൂല സംഘത്തിന്റെ നീക്കം കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് പരാജയപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒരു കുവൈത്തി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനും ഒടുവിലാണ് ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി വലയിലായത്.
രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. പ്രതി നേരത്തെ ഭീകര സംഘടനയായ ഐഎസിൽ അംഗമായിരുന്നതായും സ്ഫോടകവസ്തുക്കളുടെയും ഡ്രോണുകളുടെയും നിർമ്മാണത്തിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നതായും ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
രാജ്യത്തെ ഒരു പ്രമുഖ കേന്ദ്രത്തിൽ ആക്രമണം നടത്തുന്നതിനായി പ്രതി സ്വന്തമായി ഡ്രോൺ നിർമ്മിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ലക്ഷ്യമിട്ട
നിർണായക കേന്ദ്രം ഏതാണെന്ന വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരെ ആവശ്യമായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, തുടർ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട
മേലധികാരികൾക്ക് കൈമാറി. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ മുൻകരുതൽ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദേശീയ സുരക്ഷയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഏത് കുറ്റവാളികൾക്കെതിരെയും നിയമപരമായ ഏറ്റവും കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

