തൊടുപുഴ നഗരമധ്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് തൊട്ടുമുന്നിലായി രൂപപ്പെട്ടിട്ടുള്ള വലിയ കുഴി വാഹനയാത്രക്കാർക്കും നടപ്പാതയിലൂടെ പോകുന്നവർക്കും ഒരുപോലെ ഭീഷണിയാകുന്നു. ഗാന്ധി സ്ക്വയറിൽ, പൊതുമരാമത്ത് വകുപ്പിലെ അസി.
എക്സിക്യൂട്ടീവ് എൻജിനീയർ മുതൽ അറ്റൻഡർ വരെയുള്ള മൂന്ന് ഡസനോളം ഉദ്യോഗസ്ഥർ ദിവസവും ഓഫിസിലേക്ക് കയറിപ്പോകുമ്പോൾ കാണുന്നതാണ് ഈ ദുസ്ഥിതി. ഗാന്ധി സ്ക്വയറിൽ നിന്ന് ഇടുക്കി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് ഈ അപകടക്കുഴി സ്ഥിതി ചെയ്യുന്നത്.
മഴ ആരംഭിച്ചതോടെ കുഴിയുടെ ആഴം ഗണ്യമായി വർധിച്ചു. ഇതുമൂലം ചെറുവാഹന യാത്രക്കാർ കുഴിയിൽ ചാടി ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.
ആയിരക്കണക്കിനു വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന ഈ പ്രധാന പാതയിലെ കുഴി താൽക്കാലികമായി പോലും അടയ്ക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികാരികളും ജനപ്രതിനിധികളും ഭരണാധികാരികളും സ്ഥിരമായി ഈവഴിയാണ് വാഹനങ്ങളിൽ സഞ്ചരിക്കുന്നതെങ്കിലും റോഡിലെ ഈ അപകടക്കുഴി മാത്രം ഇവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
മഴക്കാലത്ത് കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ, ഇതുവഴി പോകുന്ന വാഹനങ്ങൾ ചാടുമ്പോൾ തെറിക്കുന്ന ചെളിവെള്ളം നടപ്പാതയിലൂടെ നടക്കുന്നവരുടെയും സമീപത്തെ കടകളിലേക്കും വീഴുന്നതും പതിവാണ്. നഗരവാസികളുടെയും യാത്രാപ്രേമികളുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുന്ന ഈ അപകടക്കുഴി എത്രയും വേഗം കോൺക്രീറ്റ് ചെയ്തോ ടാറ് ചെയ്തോ അടയ്ക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

