കാപ്പ (KAAPA) കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി.
ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
ഈ ചടങ്ങ് സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, സത്യപ്രതിജ്ഞാ ചടങ്ങ് റിപ്പോർട്ട് ചെയ്യുന്നതിനായി അംഗീകൃത മാധ്യമപ്രവർത്തകർക്ക് പ്രവേശനാനുമതിയും അനുവദിച്ചിട്ടുണ്ട്.
നേരത്തെ, നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുഗതന് സത്യപ്രതിജ്ഞയ്ക്കായി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13 വൈകിട്ട് അഞ്ച് മുതൽ ജൂലൈ 14 രാത്രി ഒൻപത് മണി വരെയായിരുന്നു ജാമ്യ കാലാവധി.
നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലായിരുന്നു ഈ ഇളവ്. എന്നാൽ കാപ്പ കേസിൽ കൂടി ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞ സാധ്യമാകൂ എന്ന സാഹചര്യത്തിലാണ് ഇപ്പോൾ അനുകൂല ഉത്തരവ് ഉണ്ടായിരിക്കുന്നത്.
അതേസമയം, കാപ്പ നിയമനടപടികൾ നിലനിൽക്കുന്നതിനാൽ സത്യപ്രതിജ്ഞയ്ക്ക് ശേഷവും കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സുഗതന് അനുവാദമുണ്ടായിരിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

