കുലശേഖരത്തിന് സമീപം തൃപ്പരപ്പ് മേഖലയിലെ കോതയാറ്റിൽ ജനങ്ങളിൽ ആശങ്ക പരത്തിയിരുന്ന മുതലയെ ഒടുവിൽ പിടികൂടി. ഏകദേശം ഏഴു മാസം മുൻപാണ് ചെങ്കുഴിക്കര പ്രദേശത്ത് ആറ്റിനുള്ളിലെ ജലസംഭരണിക്ക് മുകളിൽ മുതലയെ ആദ്യമായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
മുതലയെ പിടികൂടാനായി വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കൂടും പ്രത്യേക വലകളും സ്ഥാപിച്ചെങ്കിലും ആദ്യഘട്ടങ്ങളിൽ കാര്യമായ ഫലം കണ്ടിരുന്നില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ടാങ്കിന് മുകളിൽ കയറിയ മുതല മണിക്കൂറുകളോളമാണ് അവിടെ നിലയുറപ്പിച്ചത്.
തുടർനടപടികളുടെ ഭാഗമായി കഴിഞ്ഞ മാസം ചെന്നൈയിൽ നിന്ന് 15 അംഗ വിദഗ്ധ സംഘം സ്ഥലത്തെത്തിയിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെ ചെങ്കുഴിക്കര ഭാഗത്തെ ടാങ്കിന് സമീപത്തുനിന്ന് 500 മീറ്റർ അകലെയുളള പാലത്തിനരികിൽ സ്ഥാപിച്ചിരുന്ന വലയിലാണ് മുതല അകപ്പെട്ടത്.
ഈ കാഴ്ച ആദ്യം കണ്ടത് കാൽനടയാത്രികരാണ്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മുതലയെ സുരക്ഷിതമായി പേച്ചിപ്പാറ സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫിസിലേക്ക് മാറ്റുകയായിരുന്നു.
തിരുനെൽവേലിയിൽ നിന്ന് എത്തുന്ന പ്രത്യേക മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും മുതലയുടെ കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. കോതയാറ്റിൽ മുതല വലയിലായ വിവരമറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശം കാണാൻ തടിച്ചുകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

