കുവൈറ്റിലെ അൽ-സാൽമി റോഡിൽ നടന്ന ബൈക്ക് റേസിംഗിനിടെ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. റേസിംഗിൽ ഒന്നാമതെത്തിയ പതിനാറുകാരനെ, പരാജയപ്പെട്ട
എതിരാളികളിൽ ഒരാളും അജ്ഞാതനായ മറ്റൊരാളും ചേർന്ന് തടയുകയും ബലമായി വാഹനത്തിൽ കടത്തിക്കൊണ്ടുപോവുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരം പ്രകാരം, ജഹ്റ ഭാഗത്തേക്കുള്ള അൽ-സാൽമി റോഡിലെ 51-ാം കിലോമീറ്റർ അടയാളത്തിന് സമീപമാണ് സംഭവം അരങ്ങേറിയത്.
റേസിംഗിൽ എതിരാളികളെ പിന്നിലാക്കി മുന്നിലെത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരയായ കൗമാരക്കാരൻ പോലീസിന് നൽകിയ മൊഴി പ്രകാരം, പ്രതികളും ഒപ്പമുണ്ടായിരുന്നയാളും ചേർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തുകയും സ്വന്തം വാഹനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കി അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു.
തുടർന്ന്, കുറച്ചുദൂരം സഞ്ചരിച്ച ശേഷം ഇവർ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതികളിൽ ഒരാൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതാകാമെന്നും അല്ലെങ്കിൽ അസ്വാഭാവികമായ മാനസികാവസ്ഥയിലായിരുന്നുവെന്നും ഇരയായ ആൺകുട്ടി മൊഴിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവത്തിൽ സുരക്ഷാ അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

