അസീസ് നെടുമങ്ങാട് നായകനാകുന്ന പുതിയ ചിത്രമായ മോഹനവള്ളിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഉമേഷ് എസ്.
നായർ ആണ്. ജെ സ്റ്റുഡിയോസും എ ടു എ മൂവി പ്രമോഷൻസും സംയുക്തമായാണ് നിർമ്മാണം.
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമിട്ടത്. സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമ്മവും ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. ഒരു നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും ചേർന്ന് പഴനിയിലേക്ക് നടത്തുന്ന തീർത്ഥയാത്രയെ ചുറ്റിപ്പറ്റിയാണ് കഥാസന്ദർഭങ്ങൾ വികസിക്കുന്നത്.
ഈ യാത്രയ്ക്കിടയിൽ മോഹിച്ചു പിടിച്ച വള്ളിയുമായി ഇവർ നാട്ടിലേക്ക് മടങ്ങിയെത്തുന്നതും തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് കോമഡി ഹൊറർ ശൈലിയിൽ ചിത്രം അവതരിപ്പിക്കുന്നത്. രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട
രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, തുഷാരപിള്ള, ശശാങ്കൻ മയ്യനാട് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രാഹുൽ കല്യാൺ തിരക്കഥയും അർക്കാഡോ സംഗീതവും ഒരുക്കുന്നു.
സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും സുനേഷ് സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മകേഷ് മോഹനൻ (കലാ സംവിധാനം), സിജേഷ് കൊണ്ടോട്ടി (മേക്കപ്പ്), അരവിന്ദ് കെ ആർ (കോസ്റ്റ്യൂം), എം ആർ രാജാകൃഷ്ണൻ (സൗണ്ട് മിക്സിംഗ്), ആശിഷ് ജോസ് ഇല്ലിക്കൽ (സൗണ്ട് ഡിസൈൻ), ശശി പൊതുവാൾ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

