ബുദ്ധമത വിശ്വാസപ്രകാരം കരുണയുടെയും ദയയുടെയും പ്രതീകമായ ബോധിസത്വൻ ‘അവലോകിതേശ്വര’ന്റെ പുരാതന ഭവനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഗസ്ത്യമലയുടെ ചരിത്രപ്രാധാന്യം തേടി ബുദ്ധ സന്യാസി സംഘം സഹ്യപർവത അടിവാരത്തെത്തി. വെള്ളറടയിലാണ് സംഘം തമ്പടിച്ചിരിക്കുന്നത്.
ബുദ്ധ സന്യാസിയായ ജാദോ റിൻപോഷെയുടെ നേതൃത്വത്തിൽ 7 സന്യാസിമാരും 2 സന്യാസിനിമാരും 20 അനുയായികളും ഉൾപ്പെടുന്ന സംഘമാണ് കർണാടകയിലെ ബൈലക്കുപ്പെയിൽനിന്നും ഇവിടെയെത്തിയത്. എന്നാൽ, പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അഗസ്ത്യാർകൂടത്തിന്റെ ഉന്നതങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാൻ സംഘത്തിന് സാധിച്ചില്ല.
നിലവിൽ അമ്പൂരി മായത്തെ ഒരു സ്വകാര്യ റിസോർട്ടിൽ തങ്ങി പ്രാർഥനകളിലും ധ്യാനത്തിലുമാണ് ഇവർ. സംഘം ഈ മാസം 17-ന് ശ്രീലങ്കയിലേക്ക് യാത്ര തിരിക്കും.
ഹിന്ദു പുരാണങ്ങളിലെ സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുമായി ബന്ധപ്പെട്ട അഗസ്ത്യമലയ്ക്ക് ബുദ്ധമത ചരിത്രത്തിലും വലിയ സ്ഥാനമാണുള്ളത്.
ബുദ്ധമത ഗ്രന്ഥങ്ങളിൽ 3–ാം നൂറ്റാണ്ടു മുതൽ 12–ാം നൂറ്റാണ്ടു വരെ ഈ മലനിരകളിൽ ബുദ്ധമതം സജീവമായി പ്രചരിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ പുരാണ കൃതികളിലും അഗസ്ത്യമലയിലെ പ്രാചീന ബുദ്ധകേന്ദ്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം.
1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകളുടെ ആത്മീയ പാരമ്പര്യം തേടിയാണ് സന്യാസിമാർ സഹ്യന്റെ മടിത്തട്ടിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

