മുളന്തുരുത്തി ജല അതോറിറ്റി ഓഫിസിൽ കരാർ കാലാവധി അവസാനിച്ചിട്ടും അനധികൃതമായി ജോലിയിൽ തുടർന്ന താൽക്കാലിക ജീവനക്കാരിയെ വിജിലൻസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്നു വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
മാസങ്ങളായി അസിസ്റ്റന്റ് എൻജിനീയറുടെ തസ്തിക ഒഴിഞ്ഞുകിടന്നിരുന്ന ഓഫിസിന്റെ ഭരണച്ചുമതല നിർവഹിച്ചിരുന്നത് ഇവരായിരുന്നു. കരാറുകാർക്ക് അനുകൂലമായി ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഇവർ അട്ടിമറി നടത്തിയെന്ന വിവരത്തെത്തുടർന്നു വിശദമായ അന്വേഷണം ആരംഭിച്ചു.
ജലജീവൻ പദ്ധതിയുടെ ഭാഗമായി 179 ദിവസത്തെ കരാർ നിയമനത്തിൽ എത്തിയ കോട്ടയം കടനാട് സ്വദേശി ജോഫിയ ജോസഫ് ആണ് നിയമവിരുദ്ധമായി ഓഫിസിൽ തുടർന്നത്. കഴിഞ്ഞ ഡിസംബറിൽ കരാർ കാലാവധി അവസാനിച്ചെങ്കിലും, അസിസ്റ്റന്റ് എൻജിനീയറുടെ അഭാവത്തിൽ മേലുദ്യോഗസ്ഥരുടെ അറിവോടെ ഇവർ ജനുവരി വരെ ജോലി തുടർന്നിരുന്നു.
ജനുവരി വരെ മാത്രമാണ് ഇവർക്ക് ഔദ്യോഗികമായി വേതനം നൽകിയിട്ടുള്ളത്. അതിനുശേഷമുള്ള മാസങ്ങളിൽ ഏത് അധികാരത്തിലാണ് ഇവർ ജോലിയിൽ തുടർന്നതെന്ന കാര്യത്തിൽ അധികൃതർക്കുപോലും വ്യക്തതയില്ല.
ഓഫിസിനു കീഴിലെ ജലവിതരണ പൈപ്പുകളുടെ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിലും കരാർ ജോലികൾ അനുവദിക്കുന്നതിലും ഇവർ നേരിട്ട് ഇടപെട്ടിരുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. കരാറുകാരുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് രഹസ്യാന്വേഷണ വിഭാഗം ഇവരെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു.
ഔദ്യോഗിക ജീവനക്കാരി അല്ലാതിരുന്നിട്ടും ഓഫിസിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്തതും ബില്ലുകൾ ഒപ്പിട്ടതും വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പ് ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.
പരിശോധനയ്ക്കുശേഷം ഇവർ ഓഫിസിലേക്ക് എത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

