ഡൽഹിയിലെ മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയാണ് കോഴിക്കോട് അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സിപിഎമ്മിനെ തകർക്കാൻ കേരളത്തിൽ യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് മുതലക്കുളത്ത് കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരാൾ അഴിമതിക്കാരനാണെന്നു തെളിയിക്കപ്പെട്ടാൽ മാത്രമേ ശിക്ഷിക്കാനാകൂ.
ഇ.ഡി ആരോപണങ്ങളുടെ പേരിൽ ആരെയും ശിക്ഷിക്കരുത്. ജനങ്ങൾക്കു സൗജന്യ വൈദ്യുതിയും സൗജന്യ വിദ്യാഭ്യാസവും നൽകിയതിനാണ് ബിജെപി എന്റെ വീടു റെയ്ഡ് ചെയ്യാൻ ഇ.ഡിയെ വിട്ടത്.
സ്കൂളിൽ പഠിക്കുന്ന മകന്റെ നോട്ട്ബുക്കിൽ പോലും പണം വച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് എത്ര വേദനാജനകമാണ്. ഇഡിയുടെയും സിബിഐയുടെയും റെയ്ഡിൽ വീട്ടിലോ അക്കൗണ്ടിലോ ഒന്നും കിട്ടിയില്ല.
എന്നിട്ടും എന്നെ 18 മാസം ജയിലിലിട്ടു” എന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. കോടതി കേസ് വ്യാജമാണെന്ന് കണ്ടെത്തിയപ്പോഴാണ് തന്നെ പുറത്തുവിട്ടതെന്നും ജയിലിൽ കിടന്നതിന്റെ ഫലം താൻ മാത്രമല്ല ഡൽഹിയിലെ ജനങ്ങളും അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തൊട്ടാകെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കോൺഗ്രസ് പരാതി നൽകുകയും ബിജെപി ഇഡിയെക്കൊണ്ട് കേസ് എടുപ്പിക്കുകയുമാണ്. ഞങ്ങളുടെ അറസ്റ്റിൽ കോൺഗ്രസ് ആഹ്ളാദിച്ചു.
ഇഡിക്കെതിരെ സിപിഎം നടത്തുന്ന പോരാട്ടത്തിന് ആംആദ്മി പാർട്ടി പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ആമുഖ പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ യുഡിഎഫ് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
അപ്പീൽ പോവാതെ ഇഡിക്കൊപ്പം ചേർന്ന് യുഡിഎഫ് സർക്കാർ ഒത്തുകളിച്ചതു കൊണ്ടാണ് മാസപ്പടിക്കേസിൽ ഏകപക്ഷീയമായ ഹൈക്കോടതി വിധി വന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
“പിണറായി വിജയനെതിരെ ഇഡിക്കൊപ്പം ചേർന്ന് യുഡിഎഫ് സർക്കാർ അസൂത്രിത നീക്കം നടത്തുകയാണ്. ഇഡിയുടെ യജമാനൻ ബിജെപിയാണ്.
ഇഡിക്ക് അമിതാധികാരം നൽകിയത് യുപിഎ സർക്കാരാണ്. പി.ചിദംബരം ആണ് മാറ്റങ്ങൾ വരുത്തിയത്.
ഇതേ ചിദംബരത്തെ തന്നെ പിന്നീട് ഇ.ഡി അറസ്റ്റുചെയ്ത് ജയിലിലടച്ചപ്പോഴാണ് താൻ ചെയ്തതിലെ അബദ്ധം ചിദംബരത്തിനു മനസിലായത്” എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. എക്സാലോജിക്കും സിഎംആർഎല്ലും നടത്തിയത് കരാർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക ഇടപാടാണെന്നും ഇതിന് നികുതിയടച്ചതിന്റെ കൃത്യമായ രേഖകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്താൻ യുഡിഎഫ് ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും ചെറുത്തു തോൽക്കുമെന്ന് എം.വി.ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. സെമിനാറിൽ പ്രമുഖ മാധ്യമപ്രവർത്തകനും ആക്റ്റിവിസ്റ്റുമായ പ്രബീർ പുർകായസ്ഥ മുഖ്യപ്രഭാഷണം നടത്തി.
ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള അവബോധം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർത്തുകളയാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം സംസ്ഥാനകമ്മിറ്റി അംഗം എ.പ്രദീപ് കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

