കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപ്പ ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യരംഗത്ത് ആശ്വാസകരമായ വാർത്തകൾ പുറത്തുവരുന്നു. ജൂൺ 12-ന് നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന, രോഗബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട
മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
രോഗിയുടെ അടുത്ത ബന്ധുക്കളാണ് ഇവർ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ഇന്ന് നാലുപേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും, കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ ആകെ 100 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്.
രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ വീടുകളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സർവേ തുടരുകയാണ്. ഇന്ന് 35 വീടുകളിൽ കൂടി സർവേ പൂർത്തിയായതോടെ ഈ ഡിവിഷനിലെ മൊത്തം 320 വീടുകളിൽ പരിശോധന പൂർത്തിയായി.
നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് 48 മണിക്കൂറിന് ശേഷം മെഡിക്കൽ ബോർഡ് പരിശോധന നടത്തും. ഇതിനുശേഷമായിരിക്കും രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പ്രതിനിധികൾ ആശുപത്രിയിലെത്തി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. കൺട്രോൾ റൂമിലൂടെ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന പ്രവർത്തനം സജീവമായി നടക്കുന്നുണ്ട്.
ഇന്ന് മാത്രം 30 ഫോൺ കോളുകൾ കൺട്രോൾ റൂമിൽ ലഭിച്ചു. ഇതുവരെ ആകെ 80 കോളുകളാണ് സേവനത്തിനായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

