സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ പ്രവർത്തനങ്ങൾ സജ്ജമായതായി മന്ത്രി സി.പി.ജോൺ അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ സ്ത്രീകളുടെ വരുമാനത്തിൽ 15 മുതൽ 20 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
തിങ്കളാഴ്ച രാവിലെ 8.30-ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതിയുടെ ഔദ്യോഗിക സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വനിതാ ജീവനക്കാരുടെ നേതൃത്വത്തിലായിരിക്കും ഉദ്ഘാടന സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
തുടർന്ന് രാവിലെ 9 മണിയോടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രാദേശിക ഉദ്ഘാടന ചടങ്ങുകളും സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക ബാധ്യത സർക്കാർ ഗ്രാന്റായി കെഎസ്ആർടിസിക്ക് അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. യാത്രച്ചെലവ് കുറയുന്നതോടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആർടിസിയുടെ പ്രധാന യാത്രാ വിഭാഗമായ സ്ത്രീകളെ സഹായിക്കുന്നതിലൂടെ അത് സംസ്ഥാനത്തെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും വഴിയൊരുക്കും. പൊതുഗതാഗത സംവിധാനത്തിലേക്കുള്ള ജനങ്ങളുടെ ചുവടുമാറ്റം ഇന്ധന ഉപഭോഗം കുറയ്ക്കാനും കാർബൺ ബഹിർഗമനം നിയന്ത്രിക്കാനും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി.അനുപമ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ എന്നിവരും പങ്കെടുത്തു. ജില്ലാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്ന ബസുകളുടെ എണ്ണം:
തിരുവനന്തപുരം: 687
കൊല്ലം: 415
പത്തനംതിട്ട: 150
ആലപ്പുഴ: 227
കോട്ടയം: 162
ഇടുക്കി: 125
എറണാകുളം: 325
തൃശൂർ: 153
പാലക്കാട്: 122
മലപ്പുറം: 98
കോഴിക്കോട്: 156
വയനാട്: 172
കണ്ണൂർ: 205
കാസർകോട്: 128
ആകെ: 3125
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

