കുറവിലങ്ങാട് മേഖലയിൽ തിരികെയെത്തിയ അതിഥിത്തൊഴിലാളികൾ ഉയർന്ന വേതനം ആവശ്യപ്പെട്ടതോടെ നിർമാണ, ഹോട്ടൽ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിൽ ദിവസക്കൂലി 1,000 രൂപയ്ക്കും മുകളിലേക്ക് ഉയർത്തണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.
കൂലി വർധനവിന് ഉടമകൾ തയ്യാറാകാത്ത പക്ഷം മറ്റ് തൊഴിലിടങ്ങളിലേക്ക് മാറാൻ തൊഴിലാളികൾ സന്നദ്ധരാകുന്നത് ചെറുകിട കരാറുകാരെയും ഹോട്ടലുടമകളെയും ആശങ്കയിലാഴ്ത്തുന്നു.
മേഖല തിരിച്ചുള്ള കണക്കുകൾ
അതിഥിത്തൊഴിലാളികളിൽ 42 ശതമാനം പേരും ബംഗാളിൽ നിന്നുള്ളവരാണ്. അസം, തമിഴ്നാട് (20% വീതം), ഒഡിഷ (12%) എന്നിവിടങ്ങളിൽ നിന്നുമാണ് മറ്റ് തൊഴിലാളികൾ എത്തുന്നത്.
കൂടാതെ യുപി, ബിഹാർ, ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടെ ജോലി ചെയ്യുന്നു. നിർമാണ മേഖലയിലാണ് ബംഗാളിൽ നിന്നുള്ളവർ കൂടുതലായി പ്രവർത്തിക്കുന്നത്.
ഇതിൽ 75 ശതമാനവും മുർഷിദാബാദിൽ നിന്നുള്ളവരാണ്. ഹോട്ടൽ മേഖലയിൽ ഒഡീഷ, അസം, ബംഗാൾ സ്വദേശികളുടെ സാന്നിധ്യമാണ് കൂടുതൽ.
തിരഞ്ഞെടുപ്പ്, പെരുന്നാൾ പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയവരിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് നിലവിൽ തിരികെയെത്തിയിട്ടുള്ളത്. പ്രതിസന്ധിയുടെ ആഴം
നിർമാണ മേഖലയിൽ നേരത്തെ മേസ്തിരിക്ക് 1000 രൂപയും സഹായിക്ക് 900 രൂപയുമായിരുന്നു കൂലി നൽകിയിരുന്നത്.
എന്നാൽ പെരുമ്പാവൂർ പോലുള്ള മേഖലകളിൽ ഇത് മേസ്തിരിക്ക് 1100 രൂപയും സഹായിക്ക് 900 രൂപയുമായി പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ കണക്കുകൾക്കും അപ്പുറം മേസ്തിരിക്ക് 1500 രൂപയും സഹായിക്ക് 1300 രൂപയും വേണമെന്ന നിലപാടിലാണ് ഇപ്പോൾ തൊഴിലാളികൾ.
ഭക്ഷണസാധനങ്ങളുടെ വിലവർധനവ് ചൂണ്ടിക്കാട്ടി ഹോട്ടൽ തൊഴിലാളികളും വേതന വർധനവ് ആവശ്യപ്പെടുന്നുണ്ട്. ഒരു ഹോട്ടലിൽ കുറഞ്ഞത് അഞ്ച് അതിഥിത്തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്നുണ്ട്.
വിലക്കയറ്റവും തൊഴിൽക്ഷാമവും നിലനിൽക്കെ, തൊഴിലാളികളുടെ കൂലി വർധനവ് താങ്ങാനാവാത്ത സാഹചര്യമാണെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് കരാറുകാരും ഉടമകളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

