പസിഫിക് സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന അമിതമായ വർധനവായ എൽനിനോ പ്രതിഭാസത്തിന്റെ സാന്നിധ്യം കേരളത്തിലെ കാലവർഷത്തിന്റെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാകുന്നു. കാലവർഷത്തിന്റെ ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് നേരത്തേ തന്നെ കാലാവസ്ഥാ വകുപ്പും വിവിധ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് എൽനിനോ കൂടുതൽ സജീവമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. സമുദ്രാന്തരീക്ഷ വ്യവസ്ഥകളിൽ എൽനിനോയുടെ സ്വാധീനം ഇതിനകം പ്രകടമായി തുടങ്ങിയിട്ടുണ്ട്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ ശരാശരി താപനിലയിൽ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ വർധന രേഖപ്പെടുത്തിയതോടെ, ജൂൺ മാസത്തോടെ പസിഫിക് സമുദ്രത്തിലെ താപനില എൽനിനോ നിർണയിക്കുന്ന പരിധി മറികടന്നു. ഈ സാഹചര്യത്തിൽ, കാലവർഷത്തിന്റെ ഗതിയിൽ നിർണായകമാകുന്നത് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (Indian Ocean Dipole) എന്ന പ്രതിഭാസമാണ്.
ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ ഈ പ്രതിഭാസം ‘ന്യൂട്രൽ’ അവസ്ഥയിലാണ് തുടരുന്നത്.
അറബിക്കടലിൽ താപനില ബംഗാൾ ഉൾക്കടലിനെ അപേക്ഷിച്ച് വർധിക്കുമ്പോൾ മാത്രമേ കാലവർഷത്തിന് അനുകൂലമായ പോസിറ്റീവ് അവസ്ഥ സംജാതമാവുകയുള്ളൂ. അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
പടിഞ്ഞാറൻ കാറ്റിന്റെ വേഗതയിൽ വന്ന കുറവാണ് മഴ കുറയാൻ കാരണമായത്. എന്നാൽ, അടുത്തയാഴ്ച അവസാനത്തോടെ കാലവർഷം കൂടുതൽ സജീവമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ഡോ.
നീത കെ.ഗോപാൽ വ്യക്തമാക്കി. ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

