കൽപറ്റ വയനാട് മീനങ്ങാടിയിൽ കാരാപ്പുഴ ഡാമിനു സമീപം വാഴവറ്റയിലുള്ള അഗസ്റ്റിൻ സഹോദരന്മാരുടെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശമദ്യവും വൈനും പിടിച്ചെടുത്തു. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട
സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ആന്റോ ആഗസ്റ്റിന്റെ വസതികളിലും സ്ഥാപനങ്ങളിലും നടത്തുന്ന റെയ്ഡിനിടെയാണ് മദ്യശേഖരം കണ്ടെത്തിയത്. ഈ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നിർദേശപ്രകാരം കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. റെയ്ഡിൽ ആകെ 43 ലീറ്റർ വിദേശമദ്യവും 7 ലീറ്ററിലധികം വൈനും ഉൾപ്പെടെയുള്ള ശേഖരം കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്തവയുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
– വിദേശ നിർമിത വിദേശ മദ്യം: 43 ലീറ്റർ
– വിദേശ നിർമിത വിദേശ വൈൻ: 4.824 ലീറ്റർ
– കേരള വൈൻ: 5.500 ലീറ്റർ
– മിലിട്ടറി ലിക്കർ: 860 മില്ലിലീറ്റർ
– വീട്ടിൽ നിർമിച്ച വൈൻ എന്ന് തോന്നുന്ന പദാർഥം: 12.750 ലീറ്റർ
വ്യക്തിപരമായ ആവശ്യങ്ങൾക്കായി നിയമപരമായി കൈവശം വയ്ക്കാവുന്ന പരിധിയായ മൂന്നു ലീറ്ററിലും അധികമായി വിദേശമദ്യവും മൂന്നര ലീറ്ററിൽ ഏറെ വൈനും വീട്ടിൽ സൂക്ഷിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് എക്സൈസ് സംഘം ഇപ്പോൾ പ്രാഥമികമായി അന്വേഷണം നടtത്തുന്നത്.
മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് രാവിലെ ആറു മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

