കറുകച്ചാൽ: ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള യാത്രാ സൗകര്യവും സൗകര്യപ്രദമായ സമയക്രമവും കൊണ്ട് യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസായി മാറിയ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പാലാ-ബെംഗളൂരു എസി സർവീസ് സാങ്കേതിക തകരാറുകളെത്തുടർന്ന് താളം തെറ്റുന്നു.
ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന രണ്ട് എസി ബസുകളും പ്രവർത്തനരഹിതമായതോടെ യാത്രക്കാർ വലിയ പ്രതിസന്ധിയിലായി. സ്ഥിരമായി സർവീസ് നടത്തിയിരുന്ന ബസുകൾ കട്ടപ്പുറത്തായതോടെ, കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് എത്തിക്കുന്ന ബസുകൾ ഉപയോഗിച്ച് ഒന്നിടവിട്ട
ദിവസങ്ങളിൽ മാത്രമാണ് നിലവിൽ സർവീസ് നടത്താൻ സാധിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ ഡിപ്പോയിൽ നിന്ന് മറ്റൊരു എസി ബസ് എത്തിച്ചെങ്കിലും, സ്ഥിരം ബസുകൾ ലഭ്യമാക്കാതെ സർവീസ് സുഗമമാക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഓൺലൈനായി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് കണക്ഷൻ ബസുകളിലേയ്ക്ക് മാറ്റേണ്ടി വന്നു. കെഎസ്ആർടിസിക്ക് മികച്ച വരുമാനം നൽകിയിരുന്ന ഈ റൂട്ടിൽ പ്രതിദിനം 60,000 രൂപ മുതൽ 65,000 രൂപ വരെയാണ് ലഭിച്ചുകൊണ്ടിരുന്നത്.
സാമ്പത്തികമായി ഏറെ ലാഭകരമായ ഈ സർവീസ് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടിയന്തരമായി രണ്ട് പുതിയ എസി ബസുകൾ ഈ റൂട്ടിലേക്ക് അനുവദിക്കണമെന്ന ആവശ്യമാണ് യാത്രക്കാരും ജീവനക്കാരും ശക്തമായി ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

