കർണാടകത്തിലെ ബെലഗാവിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മുൻ സൈനികനെയും മകളെയും ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തി. ബെലഗാവിയിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
വിരമിച്ച സൈനികനായ അറുപത്തിയേഴുകാരൻ രുദ്രപ്പ കുന്ദരഗി, ഇരുപത്തിയാറുകാരിയായ മകൾ ശശികല എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വത്ത് വിൽപനയുമായി ബന്ധപ്പെട്ട
രേഖകൾ തയ്യാറാക്കാൻ മകൾക്കൊപ്പം പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു രുദ്രപ്പ. ഈ വിവരമറിഞ്ഞെത്തിയ രണ്ട് സഹോദരന്മാരും ഒരാളുടെ മകനും ചേർന്നാണ് കൊലപാതകം നടത്തിയത്.
അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയപ്പോഴാണ് ശശികലയ്ക്ക് നേരെയും ആക്രമണമുണ്ടായത്. ഇവരെത്തിയ കാറിന്റെ ഡ്രൈവർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
പ്രതികളായ ബസപ്പ കുന്ദരഗി, സഹോദരൻ സംഗപ്പ കുന്ദരഗി, മകൻ മഡിവാളപ്പ കുന്ദരഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കിട്ടൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നിട്ടുള്ളത്.
കൊല്ലപ്പെട്ട രുദ്രപ്പയും പ്രതികളായ ബസപ്പയും സംഗപ്പയും തമ്മിൽ സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുൻപും തർക്കങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
തർക്കം കോടതിയുടെ പരിഗണനയിൽ എത്തിയപ്പോൾ സ്വത്ത് തുല്യമായി ഭാഗിക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ തന്റെ ഭാഗം നേരത്തെ വിറ്റിരുന്ന രുദ്രപ്പ, അവശേഷിച്ച സ്വത്ത് മൂന്നായി ഭാഗിക്കണമെന്ന് നിലപാട് എടുത്തതോടെയാണ് പ്രതികൾ കുപിതരായത്.
രുദ്രപ്പയുടെ പേരിലായിരുന്നു തർക്കത്തിലുണ്ടായിരുന്ന ഭൂമി ഉണ്ടായിരുന്നത്. കൊലപാതക വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരെ പൊലീസ് ഏറെ പാടുപെട്ടാണ് നീക്കം ചെയ്തത്.
സംഭവത്തിൽ കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി കിട്ടൂർ പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

