ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും ഇത് തടയാനെത്തിയ ഭർത്താവിനെ മാരകമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഇച്ചോട
മണ്ഡലത്തിലെ കേശവപട്ടണം ഗ്രാമത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് വസ്ത്രം കഴുകുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഗ്രാമവാസിയായ ഷെയ്ഖ് സലീം എന്നയാൾ എത്തുകയും വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതി ബഹളം വച്ചതോടെ ഭർത്താവ് തടയാനായി ഓടിയെത്തി. ഇതോടെ സലീം യുവതിയുടെ ഭർത്താവുമായി തർക്കത്തിലായി.
തുടർന്ന് ഷെയ്ഖ് റഷീദ്, സോഹൽ, ഷെയ്ഖ് ഹനീഫ്, ഷെയ്ഖ് ഇദ്രിസ് എന്നീ നാലുപേർ കൂടി സംഭവസ്ഥലത്തെത്തുകയും ഇവർ സംഘം ചേർന്ന് യുവതിയുടെ ഭർത്താവിനെ വടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഷെയ്ഖ് സലീമിനെതിരെ ബലാത്സംഗശ്രമത്തിനും, ബാക്കി നാല് പേർക്കെതിരെ വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് ഇച്ചോഡ റൂറൽ ഇൻസ്പെക്ടർ സി.എച്ച്. രമേശ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

