വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം ഗുരുതരമായ പാരിസ്ഥിതിക ഭീഷണി നേരിടുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും തടാകത്തെ പൂർണ്ണമായി വിഴുങ്ങുന്ന പായൽ പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരം കാണാൻ അധികൃതർക്കായിട്ടില്ല.
ശാസ്ത്രീയമായ രീതിയിൽ പായൽ നിർമാർജനം ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ പോലും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. ദിവസവേതനക്കാരായ തൊഴിലാളികളെ നിയോഗിച്ച് വടികളും മറ്റും ഉപയോഗിച്ച് പായൽ തടാകക്കരയിലേക്ക് മാറ്റിയിടുന്ന കാലഹരണപ്പെട്ട
രീതിയാണ് നിലവിലും തുടരുന്നത്. തടാകത്തിന്റെ ഭൂരിഭാഗം പ്രദേശത്തും പായൽ പടർന്നുപിടിച്ചിരിക്കുകയാണ്.
ഇതിൽ പടിഞ്ഞാറേ ഭാഗത്താണ് പായലിന്റെ സാന്ദ്രത കൂടുതൽ ഉള്ളത്. പായൽ നിറഞ്ഞ പ്രദേശം കയർ കെട്ടി വേർതിരിച്ചാണ് ഇപ്പോൾ ബോട്ടിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക് എത്തുന്ന സഞ്ചാരികൾ ആദ്യം സന്ദർശിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള ഈ തടാകത്തിൽ നിന്ന് ലക്ഷക്കണക്കിനു രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും തടാകം നാശത്തിന്റെ വക്കിലാണിപ്പോൾ.
2021 ജൂൺ, ജൂലൈ മാസങ്ങളിൽ 2.5 കോടി രൂപ ചെലവഴിച്ച് പായലും ചെളിയും പൂർണ്ണമായി നീക്കം ചെയ്തിരുന്നുവെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. തടാകത്തിൽ നിന്ന് പായലും 13 ക്യുബിക് മീറ്റർ ചെളിയും നീക്കം ചെയ്തെന്നും ഇതിലൂടെ തടാകത്തിന്റെ വിസ്തൃതി 30 ശതമാനം വർധിച്ചെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാൽ അശാസ്ത്രീയമായ രീതിയിലാണ് പായൽ നീക്കം ചെയ്തതെന്ന് അന്ന് പരിസ്ഥിതി സംഘടനകൾ ശക്തമായി രംഗത്തു വന്നിരുന്നു. കോരിയെടുത്ത പായലും ചെളിയും തടാകക്കരയിൽ തന്നെ നിക്ഷേപിച്ചതിനാൽ കനത്ത മഴയിൽ ഇവ വീണ്ടും തടാകത്തിലേക്ക് തന്നെ ഒഴുകിയെത്തുകയായിരുന്നു.
ഒരു മീറ്ററോളം ആഴത്തിൽ അരികു കുഴിച്ചാണ് അന്ന് ചെളി നീക്കം ചെയ്തത്. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുഴിയെടുക്കലും ചെളി നിക്ഷേപിക്കലും നടത്തിയതെന്ന് പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു.
പായൽ നീക്കം ചെയ്തിട്ടും വീണ്ടും ഇവ വളരുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ടൂറിസം വകുപ്പിന്റെ വസ്തുതാ പരിശോധക സംഘം 2022 ജനുവരിയിൽ തടാകം സന്ദർശിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പായലും ചെളിയും അടിഞ്ഞുകൂടി തടാകത്തിന്റെ വിസ്തൃതി വർഷംതോറും കുറയുന്നതായി പുതുച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷക സംഘവും കണ്ടെത്തിയിരുന്നു.
എങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടടികൾ ഒന്നും തന്നെ ഉണ്ടായില്ല. ബോട്ടിങ് ദുഷ്കരം
പ്രകൃതിദത്ത തടാകത്തിന്റെ മനോഹാരിത നുകരാൻ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം ബോട്ടിങ്ങാണ്.
എന്നാൽ പായൽ പടർന്നതോടെ തടാകത്തിൽ ബോട്ടിങ് അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്. മനുഷ്യാധ്വാനത്താൽ പ്രവർത്തിക്കുന്ന പെഡൽ ബോട്ടുകൾ പായലിൽ തടഞ്ഞ് കേടാകുന്നത് നിത്യസംഭവമാണ്.
ബോട്ടിന്റെ ഷാഫ്റ്റിൽ പായൽ കുടുങ്ങുന്നതും കട്ടികൂടിയ പായലിലൂടെ ബോട്ടുകൾക്ക് മുന്നോട്ട് നീങ്ങാൻ കഴിയാത്തതും യാത്രാതടസ്സമുണ്ടാക്കുന്നു. പായലിൽ കുടുങ്ങുന്ന ബോട്ടുകളെ പിന്നീട് ജീവനക്കാരെത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്.
സവിശേഷമായ ജലാശയം
ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു ജലാശയമാണ് പൂക്കോട് തടാകം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമാണിത്.
സമുദ്രനിരപ്പിൽ നിന്ന് 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത്, കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം കൂടിയാണ്. പൂക്കോട് തടാകത്തിൽ മാത്രം കണ്ടുവരുന്ന ശുദ്ധജല മത്സ്യമായ ‘പൂക്കോടൻ പരൽ’ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
തടാകത്തിനു ചുറ്റും ഇടതൂർന്ന വനമേഖലയും മലനിരകളും സ്ഥിതി ചെയ്യുന്നു. ആകെ 6 തൊഴിലാളികൾ
തടാകത്തിന്റെ 90 ശതമാനവും പായൽ കയറിയ അവസ്ഥയിലാണ്.
എന്നാൽ ബോട്ട് ജെട്ടിക്ക് ചുറ്റുമുള്ള 100 മീറ്റർ ചുറ്റളവിലെ പായൽ മാത്രമാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആകെ 6 തൊഴിലാളികൾ മാത്രമാണ് പായൽ നീക്കം ചെയ്യാനായി ഉണ്ടായിരുന്നുള്ളൂ.
ഇവരിൽ മൂന്ന് പേർ തടാകത്തിലിറങ്ങി പായൽ വാരി ചെറിയ തോണിയിലേക്ക് മാറ്റുകയും പിന്നീട് ഇത് കരയിലേക്ക് തള്ളുകയും ചെയ്യുന്നു. ബോട്ട് ജെട്ടിക്ക് സമീപത്തെ പായൽ വലിയ വടിയുപയോഗിച്ച് കരയിലേക്ക് വലിച്ചു കയറ്റിയാണ് മാറ്റുന്നത്.
മഴക്കാലത്ത് ഈ പായലുകൾ വീണ്ടും തടാകത്തിലേക്ക് ഒഴുകിയെത്തുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ആഴം കുറഞ്ഞ ഭാഗങ്ങളിലെ പായൽ മാത്രമാണ് ഇപ്പോൾ നീക്കം ചെയ്യുന്നത് എന്നതും ആഴമേറിയ ഭാഗങ്ങളിലെ പായൽ നീക്കാൻ വൈകുന്നതും വലിയ വീഴ്ചയായി തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

