അർജന്റീന ഫുട്ബോൾ ടീം ആരാധകർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. ലോകകപ്പ് പോരാട്ടങ്ങൾക്കായി തയ്യാറെടുക്കുന്ന ടീമിന്റെ വിശ്വസ്തനായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പരിക്കിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ചു.
അൾജീരിയയ്ക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ താരം തന്നെ അർജന്റീനയുടെ ഗോൾവല കാക്കും. യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിനിടെയായിരുന്നു എമിലിയാനോ മാർട്ടിനെസിന്റെ വലതുകൈയ്ക്ക് പരിക്കേറ്റത്.
പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ടുകൾ വന്നതോടെ താരം ആദ്യ മത്സരങ്ങളിൽ കളിക്കില്ലെന്ന ആശങ്ക ആരാധകർക്കിടയിലുണ്ടായിരുന്നു. പരിക്കേറ്റ കൈയിൽ പ്രത്യേക ബാൻഡേജുമായാണ് താരം പരിശീലന ക്യാമ്പിലെത്തിയത്.
മെഡിക്കൽ സംഘത്തിന്റെ കർശന നിരീക്ഷണത്തിലും തുടർചികിത്സയിലുമായിരുന്ന താരം, കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കഠിനമായ പരിശീലനത്തിലൂടെയാണ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തത്. ‘ഡിബു’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന മാർട്ടിനെസിന്റെ തിരിച്ചുവരവ് ലിയോണൽ മെസിയും സംഘവും വലിയ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്.
പെനൽറ്റി ഷൂട്ടൗട്ടുകളിൽ അനിഷേധ്യമായ മികവ് പുലർത്തുന്ന മാർട്ടിനെസിന്റെ സാന്നിധ്യം, കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ പോരാട്ടത്തിൽ നിർണ്ണായകമാകും. അപ്രതീക്ഷിത വെല്ലുവിളികൾ ഉയർത്താൻ ശേഷിയുള്ള എതിരാളികൾക്കെതിരെ മാർട്ടിനെസ് വലയ്ക്കു മുന്നിലുണ്ടാകുന്നത് ടീമിന് വലിയൊരു ഊർജ്ജമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

