കേരളത്തിന്റെ ഐടി ആവാസ വ്യവസ്ഥയുടെയും ടെക്നോപാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ മരിയാന എൽ നെയ്സുലെർ ടെക്നോപാർക്ക് സന്ദർശിച്ചു. സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സിഇഒ അനൂപ് അംബിക എന്നിവർ കോൺസൽ ജനറലുമായി ഔദ്യോഗിക ചർച്ചകൾ നടത്തി.
തന്റെ കേരള സന്ദർശന വേളയിൽ ലോജിസ്റ്റിക്സ്, സമുദ്രമേഖല, നാവിഗേഷൻ, ഊർജ്ജം, ഐടി തുടങ്ങിയ സുപ്രധാന മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ കോൺസൽ ജനറൽ അഭിനന്ദിച്ചു. യുഎസിൽ നിന്നുള്ള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി ഈ മേഖലകളിലെ പങ്കാളികൾ അവരുടെ ആശയങ്ങൾക്ക് കൃത്യമായ രൂപം നൽകണമെന്ന് അവർ നിർദ്ദേശിച്ചു.
കേരളത്തെ ഒരു നോളജ് ഇൻഡസ്ട്രി ഹബ് ആയി വളർത്തുന്നതിനും, യുഎസിലെയും കേരളത്തിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ സർവകലാശാലകളിൽ ‘സെന്റർ ഓഫ് എക്സലൻസ്’ സ്ഥാപിക്കുന്നതിനും യുഎസ് സ്ഥാപനങ്ങളുടെ പിന്തുണയും അവർ തേടി. ഏകദേശം 10,000 സ്റ്റാർട്ടപ്പുകളുള്ള ശക്തമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് സീറാം സാംബശിവ റാവു വ്യക്തമാക്കി.
സ്റ്റാർട്ടപ്പുകളുടെ വളർച്ച കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് സ്റ്റാർട്ടപ് ആക്സിലറേറ്ററുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ഇതിനായി യുഎസ് ആക്സിലറേറ്ററുകൾക്ക് കേരളത്തിൽ കേന്ദ്രങ്ങൾ ആരംഭിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചെന്നൈയിലെ യുഎസ് കോൺസുലേറ്റിലെ പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക് സ്പെഷലിസ്റ്റുമാരായ കാർത്തിക് സെൽവരാജ്, ഗീത ഗോപാലകൃഷ്ണൻ എന്നിവരും കോൺസൽ ജനറലിനൊപ്പം സന്ദർശന സംഘത്തിലുണ്ടായിരുന്നു. തുടർന്ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ്-കേരള (ഐഐഐടിഎം-കെ) യിലെ ഫാബ് ലാബും ടെക്നോപാർക്ക് ഫേസ്-ഒന്നിലെ ഡീപ്-ടെക് റോബട്ടിക്സ് കമ്പനിയായ ജെൻ റോബട്ടിക്സും സംഘം നേരിട്ട് സന്ദർശിച്ചു.
യോഗത്തിൽ ടെക്നോപാർക്ക് മാർക്കറ്റിങ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ് ഡപ്യൂട്ടി വൈസ് പ്രസിഡന്റ് വസന്ത് വരദ, ടാറ്റ എൽക്സി സെന്റർ ഹെഡ് വി.ശ്രീകുമാർ, സോഫ്റ്റ്നോഷൻസ് ടെക്നോളജീസ് സിഇഒയും സ്ഥാപകനുമായ റോണി സെബാസ്റ്റ്യൻ, ഇക്വിഫാക്സ് പിഇസി തിരുവനന്തപുരം സൈറ്റ് ലീഡ് വിനോദ് നായർ, മിറോക്സ് സൈബർ സെക്യൂരിറ്റി സിഇഒ രാജേഷ് ബാബു, പേസ് എക്സൽ സിഇഒ ഗീതു ശിവകുമാർ, തിരുവനന്തപുരം ടാറ്റ കൺസൾട്ടൻസി സർവീസസ് സെന്റർ ഹെഡ് ജയൻ നായർ, ഐബിഎസ് സോഫ്റ്റ്വെയർ എക്സ്റ്റേണൽ അഫയേഴ്സ് ഹെഡ് വിഷ്ണു വി. നായർ, ജിടെക് സിഇഒ ഈപ്പൻ ടോണി ജോൺ, കെഎസ്യുഎം പ്രോജക്ട് ഡയറക്ടർ ജി.
വരുൺ, ടെക്നോപാർക്ക് മാർക്കറ്റിങ് സീനിയർ മാനേജർ ജോർജ് ജേക്കബ്, ലീഡ് ഐടി സ്ട്രാറ്റജിസ്റ്റുകളായ ഡോ. അനൂപ നാരായണൻ, ശ്രീനാഥ് ജ്ഞാനേശ്വർ, പ്രകാശ് ജേക്കബ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

