എറണാകുളം–ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾ തുടർച്ചയായി വൈകുന്നത് യാത്രക്കാരുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ട്രെയിൻ സമയനിഷ്ഠ പാലിക്കാത്തതിനെത്തുടർന്ന് യാത്രക്കാർ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ നേരിട്ട് പരാതി അറിയിച്ചു.
ചൊവ്വാഴ്ചത്തെ സർവീസിൽ വൻ സമയക്രമ വ്യതിയാനമാണ് ഉണ്ടായത്. ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആറര മണിക്കൂർ വൈകി രാത്രി 9.07-ഓടെയാണ് എറണാകുളം സ്റ്റേഷൻ വിട്ടത്.
രാത്രി 11-ന് ബെംഗളൂരുവിൽ എത്തേണ്ടിയിരുന്ന ഈ ട്രെയിൻ ഏകദേശം ഒമ്പത് മണിക്കൂർ വൈകി പിറ്റേന്ന് രാവിലെ 7.51-നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. സമാനമായ രീതിയിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട
വന്ദേഭാരത് ട്രെയിനും ചൊവ്വാഴ്ച അഞ്ച് മണിക്കൂർ 10 മിനിറ്റ് വൈകിയാണ് സർവീസ് നടത്തിയത്. ബെംഗളൂരുവിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ നിരവധി മലയാളികൾക്ക് ഈ ട്രെയിൻ വൈകുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വിഷയത്തിൽ റെയിൽവേ അധികൃതരുടെ വിശദീകരണം ഇപ്രകാരമാണ്: “ബെംഗളൂരു റെയിൽവേ ഡിവിഷനിലെ വൈറ്റ്ഫീൽഡിൽ നടക്കുന്ന അറ്റകുറ്റപ്പണികളും ഇതിനോടനുബന്ധിച്ചുള്ള ട്രാഫിക് ക്രമീകരണങ്ങളുമാണ് ട്രെയിനുകൾ വൈകാൻ പ്രധാന കാരണം.” ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ വൈകി എത്തുമ്പോൾ അത് എറണാകുളത്തു നിന്നുള്ള മടക്കയാത്രയുടെ സമയക്രമത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രെയിൻ വൈകുമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇന്നലെ ഉച്ചയ്ക്ക് 2.20-ന് ട്രെയിൻ കൃത്യസമയത്ത് പുറപ്പെട്ടതായും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

