ആൻഡ്രോയിഡ് ഡിവൈസുകളിൽ തെറ്റായ പിൻ (PIN) നമ്പർ നൽകിയാൽ ഉടൻ ലോക്കാകുമെന്ന ആശങ്കയ്ക്ക് പുതിയൊരു ഘട്ടം കൂടി വരുന്നു. ഫോൺ അൺലോക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ പിൻ നമ്പറോ പാറ്റേണോ പാസ്വേഡോ തെറ്റിയാൽ ഇനി മുതൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും.
സാംസങ് ഗാലക്സി ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് ഡാറ്റാ സുരക്ഷ മുൻനിർത്തി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നത്. വൺ യുഐ 9 (One UI 9) പതിപ്പിന്റെ വരവോടെ ലോക്ക് സ്ക്രീൻ സുരക്ഷാ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഉപയോക്താക്കൾ തുടർച്ചയായി 13 തവണ തെറ്റായ പിൻ, പാറ്റേൺ അല്ലെങ്കിൽ പാസ്വേഡ് എന്നിവ നൽകിയാൽ ഗാലക്സി ഡിവൈസ് പൂർണ്ണമായും ലോക്കാകും. തുടർന്ന് ഫാക്ടറി റീസെറ്റ് (Factory Reset) ചെയ്താൽ മാത്രമേ ഡിവൈസ് വീണ്ടും ഉപയോഗയോഗ്യമാക്കാൻ സാധിക്കൂ.
ഡാറ്റാ ചോർച്ച തടയുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടിയെന്ന് കമ്പനി വ്യക്തമാക്കുന്നു. “വൺ യുഐ 9.0 പതിപ്പിൽ ലോക്ക്ഡൗണിന് മുൻപ് അനുവദനീയമായ ശ്രമങ്ങളുടെ എണ്ണം കുറയ്ക്കുകയും താൽക്കാലിക ഇൻപുട്ട് നിയന്ത്രണം കർശനമായി നടപ്പിലാക്കുകയും ചെയ്യുന്നു” എന്ന് സാംസങ് വ്യക്തമാക്കി.
“തുടർച്ചയായ പരാജയങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ, വീണ്ടും ശ്രമിക്കുന്നതിന് മുമ്പുള്ള കാത്തിരിപ്പ് സമയം ഓരോ ഘട്ടത്തിലും ക്രമാനുഗതമായി വർദ്ധിക്കും.”
സുരക്ഷാ മുന്നറിയിപ്പുകളും മുൻകരുതലുകളും
ഫാക്ടറി റീസെറ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതിനായി ചില മുൻകരുതൽ സംവിധാനങ്ങളും ഡിവൈസുകളിൽ ഒരുക്കിയിട്ടുണ്ട്. എത്ര ശ്രമങ്ങൾ ബാക്കിയുണ്ടെന്ന വിവരം ഫോൺ ഉപയോക്താക്കളെ അറിയിക്കും.
ആവർത്തിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ വ്യക്തമായ നിർദ്ദേശങ്ങളും ലഭിക്കും. കൂടാതെ, തുടർച്ചയായി രണ്ടുതവണ ഒരേ തെറ്റായ പാസ്വേഡ് നൽകിയാൽ അത് ഒറ്റ പരാജയമായി മാത്രമേ കണക്കാക്കൂ.
ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ല. ഫെയ്സ് അൺലോക്ക് അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഉപയോഗിച്ച് ഗാലക്സി ഫോൺ അൺലോക്ക് ചെയ്താലും, ആൻഡ്രോയിഡിന്റെ പ്രധാന സുരക്ഷാ നയപ്രകാരം എല്ലാ 72 മണിക്കൂറിലും ബാക്കപ്പ് പിൻ, പാറ്റേൺ അല്ലെങ്കിൽ പാസ്വേഡ് നിർബന്ധമായും നൽകേണ്ടതുണ്ട്.
ഉപയോക്താക്കളുടെ പിൻ നമ്പരോ പാസ്വേഡോ കമ്പനിക്ക് ലഭ്യമാകാത്തതിനാൽ കസ്റ്റമർ സർവീസിൽ നിന്നും ഇതിന് പരിഹാരം ലഭിക്കില്ല. ഈ സാഹചര്യത്തിൽ ഡാറ്റ നഷ്ടപ്പെടാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ ക്ലൗഡ് അല്ലെങ്കിൽ സാംസങ് സ്മാർട്ട് സ്വിച്ച് വഴി ബാക്കപ്പുകൾ സൂക്ഷിക്കുകയാണ് ഏറ്റവും നല്ല വഴി.
ഫാക്ടറി റീസെറ്റ് ചെയ്യേണ്ടി വന്നാൽ ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷൻ (FRP) ലോക്ക് ഒഴിവാക്കുന്നതിനായി സാംസങ് അല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് വിവരങ്ങൾ കൈവശം വെയ്ക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

