തുടർച്ചയായി വില കുറഞ്ഞുനിന്ന സ്വർണവിപണിയിൽ അപ്രതീക്ഷിത മാറ്റങ്ങൾ. പവന് 90,000 രൂപയിലേക്ക് താഴുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തിയിരുന്നെങ്കിലും, അന്താരാഷ്ട്ര സാഹചര്യങ്ങൾ വിലയെ വീണ്ടും ഉയർത്തുന്നതിലേക്കാണ് നയിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനകളെ തുടർന്നാണ് വിപണിയിൽ ഈ തിരുത്തൽ പ്രകടമായത്. ഇറാനുമായി ഉടൻ കരാർ നിലവിൽ വരുമെന്നും ആക്രമണങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ ക്രൂഡ് ഓയിൽ, ഡോളർ, ബോണ്ട് യീൽഡ് എന്നിവയിൽ ഇടിവുണ്ടായി.
ഇത് സ്വർണ നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിക്കുകയായിരുന്നു. കേരളത്തിലെ സ്വർണവിപണിയിലും ഇതിന്റെ പ്രതിഫലനം ശക്തമാണ്.
ഗ്രാമിന് 270 രൂപ വർധിച്ച് 13,620 രൂപയായും, പവന് 2,160 രൂപ ഉയർന്ന് 1,08,960 രൂപയായും വില എത്തിനിൽക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4,244 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 4,196 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വിപണിയിലെ ട്രെൻഡ് അനുകൂലമായി തുടരുകയാണെങ്കിൽ രാജ്യാന്തര വില 4,250 – 4,300 ഡോളർ റേഞ്ച് ഭേദിക്കുമെന്നും, കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപ കടക്കുമെന്നും വ്യാപാരികൾ വിലയിരുത്തുന്നു.
അതേസമയം, വിപണിയിലെ ഈ മുന്നേറ്റം എത്രത്തോളം നിലനിൽക്കുമെന്നതിൽ ആശങ്കയുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കരാർ സംബന്ധിച്ച വാദങ്ങൾ ഇറാൻ തള്ളിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇത് വീണ്ടും വിപണിയിൽ അസ്ഥിരതയ്ക്ക് വഴിയൊരുക്കിയേക്കാം. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാവുകയാണെങ്കിൽ എണ്ണവില വർധിക്കുകയും സ്വർണവിലയിൽ വീണ്ടും ഇടിവുണ്ടാകുകയും ചെയ്തേക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ വിവിധ സ്വർണ വ്യാപാര സംഘടനകളുടെ കണക്കുകൾ പ്രകാരം 18 കാരറ്റ് സ്വർണവിലയിലും വർധനയുണ്ടായിട്ടുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) വില പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 220 രൂപ കൂടി 11,250 രൂപയിലെത്തി.
വെള്ളി ഗ്രാമിന് 10 രൂപ വർധിച്ച് 260 രൂപയായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണം ഗ്രാമിന് 11,195 രൂപയായും, 14 കാരറ്റ് സ്വർണം 8,715 രൂപയായും, 9 കാരറ്റ് സ്വർണം 5,620 രൂപയായും നിശ്ചയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

