ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിനുള്ളിൽ യാത്രക്കാരൻ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ച് പൂജ നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിലെ മുകളിലെ സൈഡ് ബർത്തിൽ ഇരുന്ന് പൂജ നടത്തുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ബനിയൻ ധരിച്ച ഒരാൾ കംപാർട്ട്മെന്റിലെ മുകളിലെ ബർത്തിൽ കാലുമടക്കി ഇരുന്ന് പൂജ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അദ്ദേഹത്തിന് മുന്നിലായി എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച നിലവിളക്കും ചന്ദനത്തിരിയും വ്യക്തമായി കാണാൻ സാധിക്കും.
ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രികൻ ട്രെയിനിൽ ഇത്തരത്തിൽ തീ കത്തിക്കുന്നത് അപകടകരമാണെന്നും ചന്ദനത്തിരിയുടെ പുക ഫയർ അലാറം പ്രവർത്തിക്കാൻ ഇടയാക്കുമെന്നും പലതവണ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം പൂർണ്ണമായും അവഗണിച്ച് യാത്രക്കാരൻ പൂജയുമായി മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘ഝാർഖണ്ഡ് റെയിൽ യൂസേഴ്സ്’ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
എപ്പോൾ, ഏത് ട്രെയിനിൽ വെച്ചാണ് ഈ സംഭവം നടന്നതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള പ്രതികരണവും വ്യക്തമല്ല.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. തീപിടിക്കാനിടയുള്ള വസ്തുക്കളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടിയും പിഴയും ഈടാക്കാറുണ്ടെന്നും, ട്രെയിനിനുള്ളിൽ പരസ്യമായി തീ കത്തിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നുമാണ് ഉപയോക്താക്കൾ ചോദിക്കുന്നത്.
വിശ്വാസങ്ങളെ മാനിക്കുമ്പോൾ തന്നെ പൊതുഗതാഗത സംവിധാനങ്ങളിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്ന് നിരവധി പേർ ചൂണ്ടിക്കാണിച്ചു. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

