കോഴിക്കോട്: വടകരയിൽ എംഡിഎംഎയുമായി പിടിയിലായ മരുതോങ്കര സ്വദേശി കീർത്തന മുൻപ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അധ്യാപിക. കേസിൽ അറസ്റ്റിലായ മറ്റൊരു അധ്യാപികയായ കാവ്യയെ വിദ്യാഭ്യാസ വകുപ്പ് സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു.
കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. വടകര സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാളെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കഴിഞ്ഞ വർഷം പേരാമ്പ്രയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയിൽ കീർത്തന സജീവമായി പങ്കെടുത്തിരുന്നു. വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കുമൊപ്പം സൂംബ ഡാൻസ് അവതരിപ്പിച്ച കായിക അധ്യാപികയായ കീർത്തന എംഡിഎംഎ കേസിൽ പിടിയിലായതിന്റെ ഞെട്ടലിലാണ് നാടും സഹപ്രവർത്തകരും.
കീർത്തന അറസ്റ്റിലായ ശേഷവും കൂരാച്ചുണ്ട് സ്വദേശിയായ കാവ്യ പതിവുപോലെ ജോലിക്കെത്തിയിരുന്നു. അന്നേ കാവ്യയുടെ പെരുമാറ്റത്തിൽ സഹപ്രവർത്തകർക്ക് സംശയം ജനിപ്പിച്ചിരുന്നു.
പിന്നീട് ഇവർ പിടിയിലായതോടെ ആ സംശയങ്ങൾ ശരിയാണെന്ന് വ്യക്തമാവുകയായിരുന്നു. ജില്ലാ പ്രൊജക്ട് ഓഫീസറുടെ സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ജോലിയിൽ നിന്ന് നീക്കം ചെയ്തത്.
കരാർ വേതന വ്യവസ്ഥയിലാണ് കീർത്തനയും കാവ്യയും ജോലി ചെയ്തുവന്നിരുന്നത്. കീർത്തന കായികാധ്യാപികയായും കാവ്യ ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്ന അധ്യാപികയുമായാണ് പ്രവർത്തിച്ചിരുന്നത്.
ഇരുവരുടെയും നിയമനരീതികളെക്കുറിച്ചും ലഹരി സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഭരണപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകൾ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ബിആർസി ഓഫീസ് ഉപരോധിച്ച് ശക്തമായ പ്രതിഷേധവും അരങ്ങേറി.
അറസ്റ്റിലായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ച വ്യക്തികൾ കർശന പൊലീസ് നിരീക്ഷണത്തിലാണ്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ ലഹരിയുടെ പ്രധാന ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

